കോട്ടയം: താഴത്തങ്ങാടിയിൽ കൊല്ലപ്പെട്ട വീട്ടമ്മ ഷീബയുടെ മൊബൈൽ ഫോൺ കണ്ടെടുത്തു. വീടിന്റെ സമീപത്ത് നിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
കേസിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. കുടുംബത്തിന്റെ ഇടപാടുകള്‍ കേന്ദ്രീകരിച്ചും ക്വട്ടേഷന്‍ സംഘങ്ങളുടെ സാധ്യത കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടക്കുന്നുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയാണു പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലി (65), ഷീബ (60) എന്നിവരെ വീടിനുള്ളിൽ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ ഷീബ മരിച്ചു.
തിങ്കളാഴ്ച രാവിലെ ഒന്‍പതിനും പത്തിനും ഇടയിലാണ് ആക്രമണം നടന്നതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. മോഷണം നടന്ന കാറുമായി പ്രതി താഴത്തങ്ങാടിയിലെ പ്രധാന റോഡിലേക്കു കയറുന്ന സിസിടിവി കാമറാദൃശ്യം സമീപത്തെ വീട്ടിൽനിന്നു പോലീസിനു ലഭിച്ചിട്ടുണ്ട്.