കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് ബാധിച്ച നാലു പേരിൽ മൂന്നുപേരും മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവർ. കോവിഡ് വ്യാപനം കൂടുതലായ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽനിന്നാണ് ഇവർ എത്തിയത്.
ഡൽഹിയിൽനിന്ന് എത്തി പത്തനംതിട്ടയിലെ കുന്നന്താനത്തു നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി (29), കുവൈറ്റിൽനിന്ന് എത്തി ഹോം ക്വാറന്ൈറനിൽ കഴിഞ്ഞിരുന്ന പൂഞ്ഞാർ സ്വദേശി (25), മുബൈയിൽനിന്ന് ജൂണ്‍ 20ന് എത്തി തെങ്ങണയിലെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി (22), ഡൽഹിയിൽനിന്ന് എത്തി ചങ്ങനാശേരിയിലെ ക്വാറന്ൈറൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന വാകത്താനം സ്വദേശിനി (29) എന്നിവർക്കാണു രോഗം ബാധിച്ചത്.
കോട്ടയം ജില്ലക്കാരായ 107 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ 40 പേർ പാലാ ജനറൽ ആശുപത്രിയിലും 34 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും 28 പേർ കോട്ടയം ജനറൽ ആശുപത്രിയിലും മൂന്നു പേർ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു പേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്.
ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറു പേർ കോവിഡ് ഭേദമായതിനെത്തുടർന്ന് ആശുപത്രി വിട്ടു. പാലാ ജനറൽ ആശുപത്രിയിൽനിന്നാണ് ഇവരെ ഡിസ്ചാർജ് ചെയ്തത്.