ഗാന്ധിനഗർ: മാസ്ക് വച്ചില്ലെന്നു പറഞ്ഞു കണ്ട്രോൾ റൂം പോലീസ് യുവാവിനെ പോലീസ് വാഹനത്തിലേക്ക് കയറ്റിയപ്പോൾ ഇയാളുടെ കാൽ ഡോറിനിടയിൽ കുടുങ്ങി ഒടിഞ്ഞ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
പള്ളം കരുണാലയത്തിൽ അജി (45)യുടെ കാലിനാണ പൊട്ടലുണ്ടായത്. പോലീസ് ഇയാളെ ബലമായി പോലീസ് ജീപ്പിൽ കയറ്റി വാതിൽ അടച്ചപ്പോൾ കാൽ ഡോറിനിടയിൽപെടുകയായിരുന്നു.
അജി കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വീട്ടിലെത്തി അജിയുടെ മൊഴി രേഖപ്പെടുത്തുകയും അന്വേഷണ വിധേയമായി അജിയെ കസ്റ്റഡിയിൽ എടുത്ത മെഡിക്കൽ കോളജ് കണ്ട്രോൾ റൂം എസ്ഐ എം.സി. രാജുവിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10.30നു മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിനു മുന്പിലാണ് സംഭവം.
അജിയുടെ ഭാര്യ കുമാരനല്ലൂർ സ്വദേശിനിയായ 42 വയസുകാരി മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ ഗർഭപാത്ര സംബന്ധമായ ചികിത്സയിലാണ്.
ചൊവാഴ്ച രാവിലെ ഭാര്യയുടെ പരിചരണത്തിനുശേഷം ഗൈനക്കോളജി മന്ദിരത്തിന്റെ മുൻവശമുള്ള സിമന്റ് ബഞ്ചിൽ കിടന്നുറങ്ങുകയായിരുന്നു അജി.
ഭാര്യ ഫോണ് വിളിച്ചതിനെ തുടർന്ന് എഴുന്നേറ്റ് മുഖം കഴുകുന്നതിനിടയിൽ ഹൈവേ പോലീസ് സ്ഥലത്തെത്തി.
തുടർന്ന് അജിയെ പോലീസ് വാഹനത്തിനു സമീപത്തേക്കു വിളിപ്പിക്കുകയും മാസ്ക് വയ്ക്കാത്തതിനു പിഴ അടയ്ക്കണമെന്നും പറഞ്ഞു.
മാസ്ക് ഉണ്ടെന്നും ഉറക്കശേഷം മുഖം കഴുകിയപ്പോൾ മാസ്ക് മാറ്റിയതാണെന്നും അജി പറഞ്ഞു.
ഇതിൽ ക്ഷുഭിതനായ പോലീസ് ഉദ്യോഗസ്ഥൻ പോലീസിനെ നിയമം പഠിപ്പിക്കുകയാണോയെന്നു ചോദിച്ച് അജിയുടെ കഴുത്തിനു പിടിച്ചു.
എന്തു കാര്യത്തിനാണു തന്നെ ഉപദ്രവിക്കുന്നതെന്നു അജി ചോദിച്ചെങ്കിലും പോലീസ് വാഹനത്തിലേക്കു ബലമായി പിടിച്ചു കയറ്റി.
ഡോറിനിടയിൽ ഇടതുകാൽ കുടുങ്ങിയതു അജി പറഞ്ഞിട്ടും പോലീസുകാർ മൂന്നുതവണ ഡോർ അടയ്ക്കാനായി ശ്രമിച്ചു.
പിന്നീട് കാൽവേദനയിൽ പുളഞ്ഞ അജിയെ ഗാന്ധിനഗർ സ്റ്റേഷനിലെത്തിക്കുകയും പെറ്റിക്കേസ് എടുക്കുകയും ചെയ്തു. കേസിന്റെ പേരിൽ 500 രൂപ ആവശ്യപ്പെട്ടു.
400 രൂപ മാത്രമേ തന്റെ പക്കലുള്ളുവെന്ന് പറഞ്ഞെങ്കിലും പോലീസ് അംഗീകരിച്ചില്ല. 100 രൂപ പുറത്തുനിന്നു വാങ്ങിവരണമെന്നും ആവശ്യപ്പെട്ടു.
പണം അടച്ചശേഷം വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയപ്പോഴേക്കും കാൽ മുട്ടിനു താഴെ നീരും വേദനയും അനുഭവപ്പെട്ടു. എക്സ് റേ പരിശോധനയിൽ കാലിനു പൊട്ടലുണ്ടെന്ന് ബോധ്യപ്പെട്ടു.