കോട്ടയം: വരും ദിവസങ്ങളിൽ ജില്ലയിൽ നിന്നു പി. ഹണ്ടിൽ കൂടുതൽ പേർ കുടുങ്ങിയേക്കും.
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അശ്ലീല സൈറ്റുകളിൽ കയറി ഡൗണ്‍ ലോഡ് ചെയ്യുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനയാണ് പി. ഹണ്ട്.
ജില്ലയിൽ ഞായറാഴ്ച 24 മണിക്കൂർ നീണ്ടു നിൽക്കുന്ന വ്യാപക പരിശോധന നടത്തിയപ്പോൾ 31 സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും 31 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
മൊബൈൽ ഫോണുകളും, വൈഫൈ മോഡങ്ങളും നെറ്റ് സെറ്ററുകളും അടക്കം പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത ഉപകരണങ്ങൾ കൊച്ചിയിലെ സൈബർ ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.
അശ്ലീല വീഡിയോകൾ ഡൗണ്‍ ലോഡ് ചെയ്ത ശേഷം ഇവ ഡിലീറ്റ് ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തിൽ ഡിലീറ്റ് ചെയ്ത വീഡിയോകൾ തിരികെ കണ്ടെത്തുന്നതിനായാണ് ഇപ്പോൾ പോലീസ് ഈ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. വരും ദിവസങ്ങളിൽ തുടർ നടപടികളുണ്ടാകുമെന്നാണു സൂചന.
ജില്ലയിലെ ഏറ്റുമാനൂർ, ഗാന്ധിനഗർ, പാന്പാടി, പാലാ, മുണ്ടക്കയം, ഈരാറ്റുപേട്ട, മണിമല, വൈക്കം, തലയോലപ്പറന്പ്, കടുത്തുരുത്തി, കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, അയർക്കുന്നം എന്നീ സ്റ്റേഷൻ പരിധികളിലായിരുന്നു പരിശോധന. സൈബർ ഡോമിന്റെയും ഇന്റർ പോളിന്റെയും നിർദേശ പ്രകാരമായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന.
കുട്ടികളുടെ അശ്ലീല വീഡിയോ പ്രസിദ്ധീകരിക്കുന്ന വെബ് സൈറ്റുകൾ സ്ഥിരമായി സന്ദർശിക്കുകയും, ഈ വീഡിയോകൾ ഡൗണ്‍ ലോഡ് ചെയ്യുകയും കാണുകയും ചെയ്യുന്നവരുടെ വിശദാംശങ്ങൾ സൈബർ ഡോം ജില്ലാ പോലീസിനു നേരത്തെ കൈമാറായിരുന്നു.
തുടർന്നു ഇത്തരം ചിത്രങ്ങൾ പ്രചരിച്ചിരുന്ന വാട്സ്അപ്പ് ഗ്രൂപ്പുകൾ, ഫെയ്സ്ബുക്ക് പേജുകൾ, ടെലിഗ്രാം അക്കൗണ്ടുകൾ എന്നിവയെല്ലാം നിരീക്ഷിച്ചാണ് നടപടിയെടുത്തത്.
സ്ഥിരമായി ഇന്റർനെറ്റിൽ കയറി കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നവരുടെ ഐപി വിലാസം ഇന്റർപോളാണു പോലീസിന് അയച്ചു നൽകിയത്.
ജില്ലാ പോലീസ് ചീഫ് ഡി.ശില്പയുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്. വരും ദിവസങ്ങളിലും കൂടുതൽ പരിശോധനകൾ നടക്കും.