കോട്ടയം: വ്യാപാരികൾക്കെതിരെ സർക്കാരിന്റെ വയർനിറച്ചു കഴിച്ചോളൂ എന്നാൽ വാ തുറക്കരുത് എന്ന രീതിയിലുള്ള തീരുമാനത്തിനെതിരേ പ്രതിഷേധവുമായി മൊബൈൽ ആൻഡ് റീചാർജിംഗ് റീട്ടൈലേഴ്സ് അസോസിയേഷൻ ഓഫ് കേരള.
കോവിഡ് നിയന്ത്രണങ്ങളിലെ മാറ്റങ്ങൾ വ്യാപാര സംഘടനകളുമായി ആലോചിച്ചു മാത്രമേ നടപ്പാക്കുകയുള്ളുവെന്ന് നിയമസഭയിൽ പറയുകയും പുറത്തിറങ്ങി കർശനനിർദേശത്തിന് ഉത്തരവിടുകയും ചെയ്യുന്ന സർക്കാർ നയം വ്യാപാരമേഖലയ്ക്ക് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്.
അടിയന്തരമായി ഇത്തരം നടപടികൾ തിരുത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
കടബാധ്യതകൾ പെരുകി വ്യാപാരികൾ ആത്മഹത്യ ചെയ്യുന്നത് സർക്കാർ കണ്ടില്ലെന്നു നടിക്കരുതെന്ന് മൊബൈൽ ആൻഡ് റീചാർജിംഗ് റീട്ടൈലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി സർക്കാരിനോട് അവശ്യപ്പെട്ടു.
ഓഗസ്റ്റ് ഒന്പതിലെ വ്യാപാരദിനത്തിൽ വിവിധ മേഖലകളിൽ സാമൂഹ്യ സേവനപ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സനറ്റ് പി. മാത്യു, ട്രഷറർ നാഷാദ് പനച്ചിമൂട്ടിൽ, ജില്ലാ പ്രസിഡന്റ് അനീഷ് ആപ്പിൾ തുടങ്ങിയവർ പ്രസംഗിച്ചു.