കോട്ടയം: ഠേ… ഠേ… വെടിയൊച്ച കേട്ട് കോട്ടയം നടുങ്ങി. ആയുധധാരികളായ ഭീകരസംഘം തിരുനക്കര മൈതാനത്തുനിന്നും ആകാശത്തേക്ക് വെടിയുതിർത്ത് ഭീഷണി മുഴക്കിയതോടെ ഭയചകിതരായി നഗരത്തിലെത്തിയവരും വ്യാപാരികളും.
ആളുകൾ നാലുപാടും ഓടിയൊളിക്കാൻ ശ്രമിച്ചു. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം.
ജനങ്ങൾ വിവരമറിയിച്ചതിനു തൊട്ടുപിന്നാലെ ചീറിപ്പാഞ്ഞ് പോലീസ് വാഹനമെത്തി. പോലീസ് സംഘം സർവവിധ സന്നാഹങ്ങളോടെ തീവ്രവാദി സംഘത്തെ പിടിക്കാൻ രംഗത്തിറങ്ങി.
നിമിഷ നേരംകൊണ്ട് ഗതാഗതക്കുരുക്കേറി. ആയുധധാരികളെ പോലീസ് സംഘം അപ്പോഴേക്കും വളഞ്ഞു. സംഘട്ടനത്തിനൊടുവിൽ രണ്ടു പേരെ കീഴ്പ്പെടുത്തി.
സംഘത്തിലൊരുവൻ സംഭവ സ്ഥലത്തുനിന്നും വാഹനവുമായി രക്ഷപ്പെട്ടതോടെ ജനങ്ങൾക്കു പരിഭ്രാന്തി ഏറി.
ബോംബ് സ്കാഡ് സ്ന്നിഫർ ഡോഗുമായി മൈതാന പരിസരത്ത് പരിശോധന നടത്തി.
ഒടുവിൽ പോലീസ് വെളിപ്പെടുത്തി, ഇതു മോക്ക് ഡ്രില്ലായിരുന്നു… ചിലർ അരിശപ്പെട്ടും മറ്റു ചിലർ മൂക്കത്ത് വിരൽ വച്ചും ചിലർ പരിഹാസ വാക്കുകൾ ചൊരിഞ്ഞു പിരിഞ്ഞു.
ജനം ഭയന്ന നിമിഷങ്ങൾ
ജില്ലാ പോലീസ് ഒരുക്കിയ മോക് ഡ്രില്ലാണ് നാട്ടുകാരെ ഭയചകിതരാക്കിയത്. ഇന്നലെ രാവിലെ 11ന് തിരുനക്കര മൈതാനത്തായിരുന്നു സംഭവങ്ങൾ.
നഗരമധ്യത്തിൽ വാഹനത്തിൽ വന്നിറങ്ങിയ മുഖം മൂടിയസംഘം ജനങ്ങളുടെ മുന്നിൽ ഭീഷണി മുഴക്കുകയും അപ്രതീക്ഷിതമായി ആകാശത്തേക്ക് വെടിയുതിർക്കുകയുമായിരുന്നു.
ഭയന്നുപോയ നാട്ടുകാർ കോട്ടയം വെസ്റ്റ് പോലീസിലും കണ്ട്രോൾ റൂമിലും വിവരം അറിയിച്ചു.
കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയതോടെ ജനങ്ങൾ ആകാംക്ഷയുടെ മുൾമുനയിലായി.
നിമിഷ നേരംകൊണ്ടു മൈതാനം പോലീസ് വളഞ്ഞു. ഇതോടെ അക്രമികളിൽ ഒരാൾ മൈതാനത്തുണ്ടായിരുന്ന ഒരാളെ ബന്ദിയാക്കി ചേർത്തുപിടിച്ചു കൈയിലിരുന്ന ബാഗ് പോലീസിനെയും നാട്ടുകാരെയും ഉയർത്തിക്കാട്ടി.
മറ്റു രണ്ടുപേർ തോക്കുമായി നിലയുറപ്പിച്ച് അടുത്തുതന്നെ നിന്നു. മൽപ്പിടിത്തത്തിനും സംഘട്ടനത്തിനുമൊടുവിൽ പോലീസ് അക്രമികളെ തളച്ചു.
പിടികൂടിയവരെ ജീപ്പിനുള്ളിലേക്കു തള്ളി കൈകൾ ബന്ധിച്ചു പുറത്തുനിന്നും പൂട്ടി.
ഇതെല്ലാം ജനം ആകാംക്ഷയോടെ നോക്കിനിന്നു. നടന്നതെല്ലാം മോക് ഡ്രില്ലാണെന്നു പോലീസ് വെളിപ്പെടുത്തിയതോടെയാണ് ജനങ്ങൾക്ക് ആശ്വാസം.
പോലീസിന്റെ വന്പൻ പ്ലാനിംഗ്
നഗരം തിരക്കിൽ നിൽക്കുന്ന സമയത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിലും അതു കൃത്യമായ പ്ലാനിംഗോടെ നടപ്പാക്കാനും കഴിഞ്ഞത് പോലീസിന്റെ വിജയമാണ്.
നിമിഷനേരംകൊണ്ട് ’തിരുനക്കര മൈതാനത്ത് തീവ്രവാദികളുടെ ഭീഷണി’ എന്ന വാർത്ത നാടെങ്ങും പരന്നു. ജില്ലാതിർത്തി കടന്നും അന്വേഷണം വന്നു.
ഗതാഗതക്കുരുക്കഴിക്കാൻ നഗരത്തിൽ ട്രാഫിക് നിയന്ത്രിക്കാൻ പോലീസ് സംഘം സജ്ജമായി. നഗരത്തിന്റെ രണ്ടു കിലോമീറ്റർ ചുറ്റളവിലെങ്ങും പോലീസ് സന്നാഹം നിരന്നു.
നിരത്തിലെങ്ങും പരിശോധന ശക്തമായി. ഓരോ വാഹനവും പരിശോധിച്ചുമാത്രം കടത്തിവിട്ടു.
ഭീകരർക്ക് ഒരു മാർഗവും നഗരത്തിനു പുറത്തുകടക്കാനാകാത്ത വിധം പോലീസ് സേന തയാറായിക്കഴിഞ്ഞിരുന്നു.
ഭീകരാക്രമണമെന്നതിനാലും ബോംബ് ഭീഷണിയുള്ളതിനാലും സുരക്ഷിതസ്ഥാനത്തേക്കു മാറിനിൽക്കാനും മൈതാനത്തു പാർക്ക് ചെയ്തിരുന്ന കാറുകൾ പുറത്തെത്തിക്കാനുമുള്ള തിരക്ക് കൂടിവന്നു.
സംഭവം കഴിഞ്ഞ് മോക്ഡ്രിൽ എന്നു വിളംബരം ചെയ്തിട്ടും ഒരുപറ്റം പോലീസുകാർ ഇത് യഥാർഥ സംഭവമെന്നുള്ള പ്രതീതി ജനങ്ങൾക്കുള്ളിൽ സൃഷ്ടിക്കാനും ശ്രമം നടത്തി.
വിമർശനം ശക്തം
നഗരത്തെ മുഴുവൻ കുറച്ചു നേരത്തേക്ക് മുൾമുനയിൽ നിർത്തിയതിലും പോലീസിനു നേരെ വിമർശനം.
ആയുധധാരികളായ സംഘം വെടിയുതിർത്തപ്പോൾ പരക്കം പാഞ്ഞ ജനങ്ങൾ ചീറിപ്പാഞ്ഞു വന്ന വാഹനങ്ങളുടെ മുന്നിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവവുമുണ്ടായി.
തിരക്കിനിടയിൽ റോഡിൽ വീണു പരിക്കേറ്റവരുമുണ്ട്. ഇതിനെല്ലാം ആരാണ് ഉത്തരവാദി എന്ന് ജനം ചോദിക്കുന്നു.
മോക്ഡ്രിൽ പരിചയമുള്ളവർ ചെറിയ സംശയത്തോടെയാണ് സംഭവങ്ങളെ നോക്കിക്കണ്ടത്. ചിലർ പരസ്പരം അതു സൂചിപ്പിക്കുകയും ചെയ്തു.
സത്യം മനസിലായതോടെ വാർത്തകളിൽ കേട്ടിട്ടുള്ള മോക്ഡ്രിൽ ആദ്യമായി കണ്ടതിന്റെ ത്രില്ലായിരുന്നു ചിലർ.