കോട്ടയം: ഓണത്തിരക്കിനിടയിൽ കോവിഡ് പ്രതിരോധം മറന്നു പോകുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങൾ ക്വിക് റെസ്പോണ്‍സ് ടീമുകളുടെ നിരീക്ഷണത്തിലാണ്. രോഗപ്രതിരോധ നിർദേശങ്ങൾ ലംഘിച്ചാൽ ഉറപ്പായും നടപടിയുണ്ടാകും.
കോവിഡ് സന്പർക്ക വ്യാപനം തടയുന്നതിന്റെ ഭാഗമായി രൂപീകരിച്ച ക്വിക് റെസ്പോണ്‍സ് ടീമുകൾ ജില്ലയിൽ എല്ലാ കേന്ദ്രങ്ങളിലും സജീവമായി പരിശോധന നടത്തിവരികയാണ്.
അസിസ്റ്റന്റ് ഇൻസിഡന്റ് കമാൻഡർമാരായ ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ റവന്യൂ, പോലീസ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘങ്ങൾ പൊതുസ്ഥലങ്ങളിലും വ്യാപാരകേന്ദ്രങ്ങളിലും കച്ചവട സ്ഥാപനങ്ങളിലുമൊക്കെ കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിനായാണ് പ്രവർത്തിക്കുന്നത്.
കോവിഡ് വ്യാപനം തടയുന്നതിനായി ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങളും കച്ചവട സ്ഥാപനങ്ങളും പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചു സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇവ പാലിക്കാത്തവർക്കെതിരെയാണ് നടപടിയെടുക്കുക.