ഗാന്ധിനഗർ: കുറിച്ചുകൊടുത്ത ഉപകരണം വാങ്ങാത്തതിന് ജൂണിയർ ഡോക്ടർ രോഗിയെ ഡിസ്ചാർജ് ചെയ്തു. രോഗം മൂർഛിച്ച രോഗിയെ സീനിയർ ഡോക്ടർ വീണ്ടും അഡ്മിറ്റു ചെയ്ത് ചികിത്സ നല്കി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒരു ജൂണിയർ ഡോക്ടറുടെ നടപടിയാണ് വിവാദമായത്. ഒട്ടും കരുണയില്ലാത്ത ജൂണിയർ ഡോക്ടറുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാണ്.
കോട്ടയം പാക്കിൽ സ്വദേശിനിയായ 67കാരിയെ ശ്വാസംമുട്ടലിനെ തുടർന്നാണ് മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. മെഡിസിൻ മൂന്ന് യൂണിറ്റിലെ ജൂനിയർ ഡോക്ടർ ആണ് വില കൂടിയ ഉപകരണം വാങ്ങാൻ കന്പനിയുടെ പ്രതിനിധികളുടെ ഫോണ് നന്പർ സഹിതം കുറിച്ച് നൽകിയത്. കുറിച്ച് നൽകിയ ഫോണ് നന്പരിൽ വിളിച്ചപ്പോൾ ഉപകരണത്തിന്റെ വില കേട്ട് രോഗിയും ബന്ധുക്കളും ഞെട്ടി. രണ്ടു തരത്തിലുള്ള ഉപകരണമാണുള്ളത്.
സി- പാപ്,ബൈ- പാപ് എന്നാണ് ഉപകരണത്തിന്റെ പേര്. ആദ്യത്തെ ഉപകരണത്തിന് അരലക്ഷം രൂപയും രണ്ടാമത്തേതിന് ഒരു ലക്ഷം രൂപയുമാണ് വില. മാസവാടകയ്ക്ക് ആണെങ്കിൽ ആറായിരം രൂപയും നല്കണം. ഇത് വിലയ്ക്ക് വാങ്ങുവാനോ വാടകയ്ക്ക് എടുക്കുവാനോ സാന്പത്തികമായി കഴിയാത്തവരാണ് രോഗിയും ബന്ധുക്കളും. അതിനാൽ ഈ ഉപകരണം വാങ്ങുവാൻ തങ്ങൾക്ക് പണമില്ലെന്ന് ഡോക്ടറോട് പറഞ്ഞെങ്കിലും അത് അംഗീകരിക്കാതെ രോഗിയെ ഡിസ്ചാചാർജ് ചെയ്യുകയായിരുന്നുവെന്നു രോഗിയുടെ ബന്ധുക്കൾ ആരോപിച്ചു.
ഡിസ്ചാർജ് ചെയ്ത ശേഷം ശ്വാസംമുട്ടൽ കൂടിയ വിവരം ബന്ധപ്പെട്ട ഡോക്ടറോട് പറഞ്ഞിട്ടും പ്രയോജനം ലഭിച്ചില്ല. തുടർന്ന് ശ്വാസംമുട്ടൽ വിഭാഗത്തിലെ മുതിർന്ന ഡോക്ടറെ കാണുകയും അദ്ദേഹം രോഗിയെ ശ്വാസംമുട്ടൽ രോഗികളെ കിടത്തി ചികിത്സിക്കുന്ന ഒന്നാം വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നിർധനരായ രോഗികൾ ചികിത്സ തേടിയെത്തിയാൽ അവരോട് മോശമായ രീതിയിൽ പെരുമാറുകയും സ്കാനിംഗ് അടക്കം മുഴുവൻ പരിശോധനകളും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കുറിച്ച് നൽകുന്ന ചുരുക്കം ചില ജൂനിയർ ഡോക്ടർമാരുണ്ട്.
രോഗിയോടൊപ്പം നിന്നുകൊണ്ട് അവരെ പരിചരിക്കുവാൻ വരെ തയ്യാറാകുന്ന സീനിയർ – ജൂനിയർ ഡോക്ടർമാരും ഇതേ ആശുപത്രിയിലുണ്ടെന്ന കാര്യം മറക്കേണ്ട. ഒട്ടും കരുണയില്ലാത്ത ജൂണിയർ ഡോക്ടർമാർ മറ്റുള്ളവർക്ക് അപമാനമുണ്ടാക്കുകയാണ്. അതിനാൽ ഈ വിധത്തിലുള്ള ജൂനിയർ ഡോക്ടർമാരെ നിയന്ത്രിക്കുവാൻ സീനിയർ ഡോക്ടർമാരുടെ ഇടപെടൽ അത്യാവശ്യമെന്നാണ് മെഡിസിൻ വിഭാഗത്തിലെ രോഗികളുടേയും ബന്ധുക്കളുടേയും ആവശ്യം.