കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദന്പതികളെ ആക്രമിച്ചശേഷം ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പാറപ്പാടം ഷാനി മൻസിലിൽ ഷീബയാണു (60)മരിച്ചത്. ഭർത്താവ് സാലി (63)യെ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നു പുലർച്ചെ മൂന്നിനു ശസ്ത്രക്രിയ നടത്തിയശേഷം സാലിയെ ട്രോമോ കെയർ ഐസിയുവിലേക്കു മാറ്റി. ഇന്നു രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഷീബയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുവെന്ന് പോലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം രാവിലെ വീണ്ടുമെത്തി വീട്ടിൽ പരിശോധനകൾ നടത്തുകയാണ്.
വീട്ടിൽ നിന്നു സ്വർണാഭരണങ്ങളും കാറും കാണാതായതിന്റെ അടിസ്ഥാനത്തിൽ മോഷണ ശ്രമത്തിനിടയാണ് കൊലപാതകമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെയാണ് നാടിനെ നടുക്കിയ ആക്രമ സംഭവങ്ങൾ അരങ്ങേറിയത് പക്ഷേ സംഭവം പുറത്തറിയുന്നതു വൈകുന്നേരം നാലോടെയാണ്.
വീട്ടിലെത്തി ആക്രമി ദന്പതികളെ തലയ്ക്കടിച്ചു വീഴ്ത്തിയശേഷം ഇരുവരുടെയും കൈകൾ ഇരുന്പു കന്പി ഉപയോഗിച്ചു പിന്നിലേക്കു കെട്ടി ഇതിലേക്കു വൈദ്യുതി കണക്ഷൻ നൽകിയിരുന്നു. ഒരു പാചക വാതക സിലിണ്ടർ മൃതദേഹത്തിനു സമീപം തുറന്നുവയ്ക്കുകയും ചെയ്തിരുന്നു.
സാലിയും ഷീബയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് ഷീബയെ വിദേശത്തുള്ള മകൾ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്നു അയൽവാസിയായ ബന്ധുവിനെ വിളിച്ചു കാര്യം അന്വേഷിച്ചു. ബന്ധു വീട്ടിലെത്തിയപ്പോൾ വീട്ടിനുള്ളിൽ പാചകവാതകത്തിന്റെ ഗന്ധം വന്നതോടെ വിവരം ഫയർഫോഴ്സിൽ അറിയിച്ചു.
സ്ഥലത്തെത്തിയ ഫയർഫോഴ്സ് വാതിൽ തുറന്നപ്പോൾ മുറിക്കുള്ളിൽ ഇരുവരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വൈദ്യുതി കണക്ഷൻ നൽകിയിരുന്നതിനാൽ മെയിൻസ്വിച്ച് ഓഫാക്കി പാചക വാതക ചോർച്ച പരിഹരിച്ചു.
അപ്പോഴും സാലിക്കു ചലനമുണ്ടായിരുന്നതിനാൽ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും യാത്രയ്ക്കിടെ ഷീബ മരണപ്പെട്ടു.
വീട്ടിലെ അലമാര തുറന്ന് അലങ്കോലമാക്കിയ നിലയിലായിരുന്നു. മൃതദേഹം കിടന്ന മുറിയിലെ ഫാനിന്റെ ലീഫ് വളഞ്ഞ നിലയിലായിരുന്നു.
ഉയരംകുറഞ്ഞ ചെറിയമേശ ഒടിഞ്ഞ നിലയിലുമായിരുന്നു. അടുക്കളയിൽ അടുപ്പിൽ പുഴുങ്ങാൻ വച്ചിരുന്ന മുട്ടപ്പാത്രത്തിലെ വെള്ളം വറ്റിയിരുന്നു.
വെള്ളം വറ്റിയെങ്കിലും പാത്രം കരിഞ്ഞിരുന്നില്ല. ഒരു ചപ്പാത്തി പരത്തിയ നിലയിലും കറിക്കായി ഉള്ളി അരിഞ്ഞ നിലയിലുമായിരുന്നു. അടുക്കളയിൽ തന്നെയുണ്ടായിരുന്ന മറ്റൊരു സിലിണ്ടർ ഹാളിൽ എത്തിച്ചാണ് തുറന്നുവിട്ടത്.
മൂർച്ചയില്ലാത്ത ഭാരമേറിയ ഇരുന്പുകന്പിയോ, വടിയോ വിറകോ ഉപയോഗിച്ചാണു കൊലപാതകമെന്നാണു നിഗമനം. മൃതദേഹം കെട്ടിത്തൂക്കാനോ, കൊലപ്പെടുത്താനുള്ള അടിക്കിടെയോ ഫാനും ടീപ്പോയും തകർന്നതാകാമെന്നും സംശയിക്കുന്നു.
വ്യക്തി വൈരാഗ്യമോ സാന്പത്തിക ഇടപാടുകളോ ആകാം കൊലപാതകത്തിനു പിന്നില്ലെന്നു പോലീസ് സംശയിക്കുന്നു. മുന്പ് നാഗന്പടം സ്റ്റാൻഡിൽ ചായക്കട നടത്തിയിരുന്ന സാലി ആരോഗ്യപ്രശ്നങ്ങളെത്തുടർന്നു കച്ചവടം അവസാനിപ്പിച്ചിരുന്നു.
ഒന്നിലേറെ വീടുകൾ ഇയാൾ വാടകയ്ക്കു നൽകിയിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജില്ലാ പോലീസ് ചീഫ് ജി. ജയ്ദേവ്, ഡിവൈഎസ്പി ആർ. ശ്രീകുമാർ, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്, എസ്ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.