കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തുകയും ഭർത്താവിനെ മൃഗീയമായി ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് ആരംഭിച്ചു.
തണ്ണീർമുക്കം ബണ്ടിനു സമീപം തെളിവെടുപ്പ് നടത്തിയ അന്വേഷണസംഘം ഇവിടെനിന്നു മൂന്നു മൊബൈൽ ഫോണുകളും ദന്പതികളുടെ വീടിന്റെ താക്കോൽക്കൂട്ടവും കത്രികയും കത്തിയും കണ്ടെത്തി.
താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ ഷീബയെ (60) കൊലപ്പെടുത്തുകയും ഭർത്താവ് മുഹമ്മദ് സാലിയെ (65) ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത കേസിലെ പ്രതി താഴത്തങ്ങാടി വേളൂർ മാലിപറന്പിൽ മുഹമ്മദ് ബിലാലിനെ(23)യുമായി നടത്തിയ തെളിവെടുപ്പിലാണ് ഇവ കണ്ടെത്തിയത്.
കഴിഞ്ഞദിവസം പ്രതിയെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടിയിരുന്നു. ഇന്നലെ രാവിലെയാണ് പ്രതിയെയുമായി പോലീസ് സംഘം തണ്ണീർമുക്കത്ത് എത്തിയത്.
തണ്ണീർമുക്കം ബണ്ടിനു സമീപം മണ്‍തിട്ടയിൽ എത്തിയ പോലീസിന് പ്രതി മൊബൈൽ ഫോണുകളും മറ്റും എറിഞ്ഞു കളഞ്ഞ സ്ഥലം ചൂണ്ടിക്കാണിച്ചു. അഗ്നിരക്ഷാ സേനയുടെ സ്കൂബാ മുങ്ങൽ വിദഗ്ധരുടെയും, പ്രദേശത്തെ മുങ്ങൽ വിദഗ്ധരായ തൊഴിലാളികളുടെയും സഹായത്തോടെയാണു തൊണ്ടിമുതൽ കണ്ടെത്തിയത്.
പ്ലാസ്റ്റിക്ക് കൂടിൽ കെട്ടിയ ഫോണുകളും, താക്കോലും കത്രികയും കത്തിയും അടക്കമുള്ളവ തണ്ണീർമുക്കം ബണ്ടിലെ മണ്‍തിട്ടയിൽനിന്ന് എറിഞ്ഞു കളഞ്ഞതായാണു പ്രതി നൽകിയിരുന്ന മൊഴി. ഇവിടെയാണു തിരച്ചിൽ നടത്തിയത്.
വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ. അരുണിന്റെ നേതൃത്വത്തിലാണു പ്രതിയെയുമായി തെളിവെടുപ്പ് പൂർത്തിയാക്കിയത്.
ബിലാലിനെ ഇന്ന് ആലപ്പുഴയിൽ ഇയാൾ ഒളിവിൽ താമസിച്ചിരുന്ന ലോഡ്ജിൽ എത്തിച്ചു തെളിവെടുക്കും. മുഹമ്മദ് സാലി-ഷീബ ദന്പതികളുടെ മകൾ ഷാനി, ഭർത്താവ് സുധീർ എന്നിവരിൽനിന്നും പോലീസ് മൊഴിയെടുത്തു.
ബിലാലിനെ കണ്ടിട്ടില്ലെന്നും എന്നാൽ, പറഞ്ഞു കേട്ടിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു. പ്രതിയുടെ പക്കൽനിന്നും ലഭിച്ച സ്വർണാഭരണങ്ങൾ വീട്ടിൽനിന്നുതന്നെ നഷ്ടമായതാണെന്നും ഷാനി സ്ഥിരീകരിച്ചു.
തൂത്തൂട്ടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുന്ന ഇരുവരെയും വീഡിയോ കോണ്‍ഫറൻസ് വഴിയാണു മൊഴിയെടുത്തത്. ഭർത്താവിനും നാലു മക്കൾക്കുമൊപ്പമാണു ഷാനി വിദേശത്തുനിന്നും നാട്ടിലെത്തിയത്. ബാങ്ക് ലോക്കർ പരിശോധിച്ചാൽ മാത്രമേ കൂടുതൽ സ്വർണം മോഷണം പോയോയെന്നു വ്യക്തമാകുവെന്നും ഷാനി പോലീസിനോടു പറഞ്ഞു.