എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: പതിനേഴാം ലോക്സഭയിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പിന്റെ കൊട്ടിക്കലാശം നാളെ വൈകുന്നേരം. ലോക്സഭാ തെരഞ്ഞെടുപ്പിന് മൂന്നു നാൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ മാസം 23നാണ് കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ്. രാവിലെ എഴുമുതൽ വൈകിട്ട് ആറുവരെയാണ് തെരഞ്ഞെടുപ്പ്. പരസ്യപ്രചരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രചരണം കൊഴുപ്പിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറെടുക്കുകയാണ്.
കൊട്ടിക്കലാശം ആവേശക്കടലാക്കാൻ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും തങ്ങളുടെ പ്രവർത്തകരെ എത്തിക്കാനുള്ള ശ്രമങ്ങൾ സ്ഥാനാർഥികളും മുന്നണികളും ആരംഭിച്ചുകഴിഞ്ഞു. കൊട്ടിക്കലാശത്തിന് മാറ്റുകൂട്ടാൻ ഇന്നും നാളേയും പ്രധാന നേതാക്കളുടെ റോഡ് ഷോകളും ഒരുക്കിയിട്ടുണ്ട്. വയനാട്ടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിയുടെ പ്രചരണത്തിനായി സഹോദരിയും എ.ഐ.സി.സി സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി എത്തുന്നുണ്ട്.
പ്രിയങ്കയെ കൂടാതെ എ.കെ ആന്റണി, ഉമ്മൻചാണ്ടി രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ കെ.സി വേണുഗോപാൽ മുകുൾ വാസ്നിക് തുടങ്ങിയവരുടെ റോഡ് ഷോ ഉണ്ടായിരിക്കും. സിപിഎമ്മിനായി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കാനം രാജേന്ദ്രൻ വി.എസ് അച്യുതാനന്ദൻ തുടങ്ങിയ നേതാക്കളും റോഡ് ഷോ നടത്തും. ബിജെ.പിയ്ക്കായി ദേശീയ അധ്യക്ഷൻ അമിത് ഷാ എത്തുന്നുണ്ട്.
കേന്ദ്രമന്ത്രിമാരടക്കം വലിയ നിര തന്നെ കൊട്ടിക്കാലശത്തിന് ആവേശം പകരാൻ എത്തുമെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. കൊട്ടിക്കലാശം സംഘർഷത്തിൽ കലാശിക്കാതിരിക്കാൻ കർശന സുരക്ഷയുമായി പോലീസുമുണ്ട്. ദ്രുതകർമ്മ സേനയും തണ്ടർബോൾട്ടും കേന്ദ്ര സേനയുമടക്കം എല്ലാവിധ സംവിധാനങ്ങളുമായി പോലീസും തയ്യാറെടുപ്പിലാണ്.
അവസാന ഘട്ടത്തിൽ വൻ തൊതിൽ പണമൊഴുകാനുള്ള സാധ്യത മുന്നിൽ കണ്ട് തെരഞ്ഞെടുപ്പു സ്ക്വാഡുകളും സജീവമാണ്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും വാഹന പരിശോധന അടക്കം വലിയ പരിശോധനയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്നത്.
തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങളും അവസാനഘട്ടത്തിലാണ്. മറ്റെന്നാൾ നിശബ്ദ പ്രചരണമാണ്. അന്നു രാവിലെ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. തെരഞ്ഞെടുപ്പ് ചുമതലയ്ക്കായി നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥരോട് അതിരാവിലെ തന്നെ പോളിഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ എത്താനുള്ള നിർദ്ദേശം കൈമാറിയിട്ടുണ്ട്.
പോളിംഗ് സാമഗ്രികൾ കൊണ്ടു പോകുന്നതിനുള്ള വാഹനങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ പോളിഗ് ബുത്തുകളിലെ സൗകര്യങ്ങൾ എല്ലാം എതാണ്ട് പൂർത്തിയായിട്ടുണ്ട്. നാളെ മുതൽ പോളിംഗ് ബൂത്തുകളുടെ സുരക്ഷ പോലീസ് ഏറ്റെടുക്കും. തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഇന്നു കളക്ട്രേറ്റുകളിൽ നടക്കും.