കോട്ടയം: പരസ്യപ്രചാരണം അവസാനിക്കുവാൻ മണിക്കൂറുകൾ മാത്രം. നാളെ രാത്രി ഏഴു വരെയാണു പരസ്യപ്രചാരണത്തിനുള്ള സമയം.കൊട്ടിക്കലാശം കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചതോടെ കലാശക്കൊട്ടിനു രാഷ്ട്രീയ പാർട്ടികൾ മറ്റു വഴികൾ തേടുന്നു.
പ്രാദേശിക തലത്തിൽ ചെറിയരീതിയിൽ പ്രചാരണം അവസാനിപ്പിക്കുന്ന ക്രമീകരണങ്ങളാണു രാഷ്്ട്രീയപാർട്ടികൾ നടത്തുന്നത്. ഇതുവഴി കൂടുതൽ വോട്ടർമാരെ സ്വാധീനിക്കാമെന്നും കണക്കുകൂട്ടുന്നു.
പ്രചാരണം അവസാനലാപ്പിലെത്തിയതോടെ മൂന്നു മുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അവസാനവട്ട പ്രചാരണങ്ങൾക്ക് തന്ത്രങ്ങൾ മെനയാൻ സ്ഥാനാർഥികളുടെ വാർ റൂമുകളിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്.
അവസാനവട്ട ഭവന സന്ദർശനം
ദുഃഖവെള്ളി ദിനമായ ഇന്നലെ സ്ഥാനാർഥികൾക്ക് കാര്യമായ പരസ്യപ്രചാരണമില്ലായിരുന്നു. ഇന്നും നാളെയുമായി അവസാനവട്ട ഭവനസന്ദർശനം നടത്താനാണു പാർട്ടികളുടെ തീരുമാനം.ജില്ലയിൽ പാലാ, പുതുപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങൾ രാഷ്്ട്രീയ കേരളം ഉറ്റുനോക്കുന്നവയാണ്.
പാലായിൽ ജോസ് കെ. മാണി, മാണി സി. കാപ്പൻ, ജെ. പ്രമീളാ ദേവി എന്നിവർ ഏറ്റമുട്ടുന്പോൾ വീറുംവാശിയും ഏറെയാണ്. കേരള കോണ്ഗ്രസ് എം ചെയർമാൻ കൂടിയായ ജോസ് കെ. മാണി പൂർണമായി മണ്ഡലത്തിൽ സജീവമാണ്. മറ്റുസ്ഥലങ്ങളിൽ പ്രചാരണത്തിനുപോലും പോയി സമയം കളയാതെ പാലായിൽ സജീവമായുണ്ട്.
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളിയിൽ എൽഡിഎഫിലെ ജെയ്ക്് സി. തോമസും ബിജെപിയിലെ എൻ. ഹരിയുമാണ് ജനവിധി തേടുന്നത്. മുൻവർഷങ്ങളിൽനിന്നു വിഭിന്നമായി ഉമ്മൻ ചാണ്ടി ഇത്തവണ കൂടുതൽ സമയം പുതുപ്പള്ളിയിൽ പ്രചാരണത്തിനു സമയം കണ്ടെത്തിയെന്നതു കോണ്ഗ്രസിനു ആവേശം പകരുന്നു.
യുവനേതാക്കളായ ജെയ്ക് സി. തോമസും എൻ. ഹരിയും മണ്ഡലത്തിലെ എല്ലാ വോട്ടർമാരെയും നേരിൽ കണ്ടു വോട്ടു തേടുന്നതിനുള്ള ശ്രമത്തിലാണ്.
തീപാറുന്ന പോരാട്ടം നടക്കുന്ന പൂഞ്ഞാറിൽ യുഡിഎഫിലെ ടോമി കല്ലാനിയും എൽഡിഎഫിലെ സെബാസ്റ്റ്യൻ കുളത്തുങ്കലും എൻഡിഎയിലെ എം.പി. സെന്നും ജനപക്ഷം സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ പി.സി. ജോർജുമാണ് മാറ്റുരയ്ക്കുന്നത്. എല്ലാവരും വോട്ടർമാരെ നേരിൽകണ്ടു വോട്ടു തേടുന്ന തിരക്കിലാണ്.
യുഡിഎഫിന് ആത്മവിശ്വാസം
ജില്ലയിലെ യുഡിഎഫ് നേതൃത്വം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഒന്പതിടങ്ങളിലും വൻവിജയം നേടുമെന്നാണ് യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞദിവസം ചേർന്ന ജില്ലാ നേതൃയോഗം പ്രചാരണത്തിന്റെ അവസാനവട്ട ക്രമീകരണങ്ങൾ വിലയിരുത്തി.
ഇന്നു പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു ചെറുയോഗങ്ങളും റാലികളും നടത്തും. നാളെ നിയോജക മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ കലാശക്കൊട്ട് നടത്താനാണു തീരുമാനം. കോവിഡ് നിയന്ത്രണങ്ങളുണ്ടെങ്കിലും പരമാവധി ആളുകളെ സമാപന യോഗത്തിലെത്തിക്കാൻ പ്രദേശിക നേതൃത്വങ്ങൾ നിർദേശം നൽകിയിട്ടുണ്ട്.
ആടിയുലഞ്ഞു നിൽക്കുന്ന വോട്ടുകൾ തങ്ങൾക്കൊപ്പമാക്കാനും വോട്ടുകൾ കൈവിട്ടു പോകാതിരിക്കാനും ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ ജാഗ്രത പുലർത്തുന്നുണ്ട്.
എൽഡിഎഫ് പ്രതീക്ഷയിൽ
തുടർഭരണം ഉറപ്പാക്കുന്ന വാശിയേറിയ പ്രചാരണവുമായി മുന്നോട്ടു പോകുകയാണ് എൽഡിഎഫ് നേതൃത്വം. സ്ഥാനാർഥികളുടെ അവസാനവട്ട പ്രചാരണത്തിന്റെ ഭാഗമായി ഇന്നും നാളെയും ഭവനസന്ദർശനത്തിനുള്ള ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം യുവജന, വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ബൈക്ക് റാലികളും മണ്ഡലത്തിലുണ്ട്.
മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ റാലികളും സ്ക്വാഡ് പ്രവർത്തനവും ഇന്നു നടക്കും. കലാശക്കൊട്ട് എല്ലാ മണ്ഡലങ്ങളിലും നിശ്ചയിച്ച കേന്ദ്രങ്ങളിൽ നടക്കും. എൽഡിഎഫിന്റെ ജില്ലാ നേതാക്കൾ വിവിധ മണ്ഡലങ്ങളിൽ സമാപനയോഗങ്ങളിൽ പങ്കെടുക്കും.
പ്രചാരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നതോടെ ജില്ലയിലെ ഒന്പതു മണ്ഡലങ്ങളിലെയും റിവ്യൂ റിപ്പോർട്ട് സിപിഎം സംസ്ഥാന നേതൃത്വത്തിനു ജില്ലാ നേതൃത്വം സമർപ്പിച്ചു. ഒന്പതിടങ്ങളിലും വിജയ പ്രതീക്ഷയാണ് എൽഡിഎഫ് പുലർത്തുന്നത്.
എൻഡിഎ വാശിയേറിയ പ്രചാരണത്തിൽ
എൻഡിഎ സ്ഥാനാർഥികളുടെ പ്രചരണാർഥം കേന്ദ്രമന്ത്രിമാരുടെ പര്യടനം സജീവമായിരുന്നു. ഇന്നും കേന്ദ്രമന്ത്രിമാർ വിവിധയിടങ്ങളിൽ പ്രചാരണത്തിനെത്തുന്നുണ്ട്.
സ്ഥാനാർഥികളൊടൊപ്പമുള്ള മന്ത്രിമാരുടെ റോഡ് ഷോയ്ക്കാണ് ബിജെപി പ്രാധാന്യം നൽകുന്നത്. കലാശക്കൊട്ടിനു വിവിധകേന്ദ്രങ്ങളിൽ റാലികളാണ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥാനാർഥികളുടെ റോഡ് ഷോയോടു കൂടിയുള്ള റാലി എല്ലാ മണ്ഡലങ്ങളിലുമുണ്ട്.