കണ്ണൂർ: അവസാന മണിക്കൂറിലും ആവേശക്കൊടുമുടി കയറിയ പരസ്യപ്രചാരണത്തിനു കൊടിയിറക്കം. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചരണത്തിന്റെ ഒരു ദിവസം.
തൊട്ടടുത്ത ദിവസം കേരളം തങ്ങളുടെ നിയമസഭാ സാമാജികരെ തെരഞ്ഞെടുക്കാൻ പോളിംഗ് ബൂത്തിലേക്കുപോകും.കൊട്ടിക്കലാശം തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയെങ്കിലും വൻ ആവേശമാണ് പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ കണ്ടത്.
ഇടത് പക്ഷത്തെ ആവേശത്തിലാക്കിയത് ക്യാപ്റ്റൻ സഖാവ് പിണറായി തന്നെ. യുഡിഎഫ് ക്യാമ്പിന് ആവേശമായി രാഹുൽ ഗാന്ധിയും അവസാന ദിവസം പ്രചാരണത്തിനെത്തി.
ഇടത് മുന്നണിയെ ആവേശത്തിലാക്കി ധര്മടത്തും തലശേരിയിലും മുഖ്യമന്ത്രി പിണറായി വിജയൻ റോഡ് ഷോ നടത്തി. മണ്ഡലത്തെ ചെങ്കടലാക്കി തുറന്ന ജീപ്പിലായിരുന്നു മുഖ്യമന്ത്രിയുടെ റോഡ് ഷോ. ഇന്ദ്രൻസ്, മധുപാൽ, ഹരിശ്രീ അശോകൻ, പ്രകാശ് രാജ് എന്നിവരടങ്ങിയ വലിയ താരനിരയും അദ്ദേഹത്തിനൊപ്പം പ്രചാരണത്തിൽ പങ്കെടുത്തു.
നേമത്ത് കെ മുരളീധരന്റെ പ്രചാരണത്തിനാണ് രാഹുൽ തലസ്ഥാനത്ത് എത്തിയത്. റോഡ്ഷോയിലൂടെ ആവേശം പകർന്ന രാഹുൽ ഇടതുപക്ഷത്തെയും ബിജെപിയേയും കടന്നാക്രമിച്ചു.
ബിജെപി നേതാക്കളാകട്ടെ സ്വന്തം മണ്ഡലങ്ങളിൽ നിലയുറപ്പിച്ചുള്ള പ്രചരണത്തിനാണ് അവസാനമണിക്കൂറുകളിൽ ശ്രദ്ധയൂന്നിയത്. വൈകുന്നേരം ഏഴോടെ പരസ്യപ്രചാരണം അവസാനിച്ചു.
നിശബ്ദ പ്രചാരണ ദിനമായ തിങ്കളാഴ്ച വീടുകൾ കയറിയുള്ള പ്രചാരണത്തിനാണു മൂന്നു മുന്നണികളും മുൻതൂക്കം നൽകുന്നത്. പ്രകടന പത്രികയിലെ വീട്ടമ്മമാർക്കുള്ള ന്യായ് പദ്ധതി അടക്കമുള്ളവ വിവരിച്ചാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും വീടു കയറി വോട്ട് ഉറപ്പാക്കുന്നത്.
സർക്കാരിന്റെ ഭരണ നേട്ടങ്ങളും എൽഡിഎഫിന്റെ പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങളും ഭക്ഷ്യധാന്യ കിറ്റുമൊക്കെയാണ് അവസാന ദിനത്തിലും എൽഡിഎഫ് ജനങ്ങളിൽ എത്തിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങളും സംസ്ഥാന സർക്കാരിന്റെ അഴിമതിയും മറ്റു സംസ്ഥാനങ്ങളിലെ കോണ്ഗ്രസ്- സിപിഎം ബന്ധവുമൊക്കെയാകും ബിജെപിയുടെ പ്രചാരണ വിഷയം.