കോട്ടയം: തെരഞ്ഞെടുപ്പു കമ്മീഷന്റെ നിരോധനം വന്നതോടെ കൊട്ടിക്കലാശത്തിന്റെ പകിട്ടില്ലാതെ ഇന്നലെ പരസ്യപ്രചരണത്തിനു തിരശീല വീണു.
തങ്ങളുടെ സ്ഥാനാർഥിക്കു മുദ്രാവാക്യം വിളിച്ചും ആക്രോശം മുഴക്കിയും വാദ്യമോളങ്ങളുടെ അകന്പടിയോടെ പ്രവർത്തകർ കലാശക്കൊട്ട് കൂട്ടപ്പൊരിച്ചിലാക്കുന്ന കാഴ്ച തദ്ദേശതെരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിലും നഷ്ടമായി.
ഇതോടെ കലാശക്കൊട്ട് കൊഴുപ്പിക്കാനെത്തുന്ന കൂട്ടരും അതു കണ്ട് ആവേശം നിറയ്ക്കുന്നവരും വാദ്യമേളങ്ങളും കലാരൂപങ്ങളും അവതരിപ്പിക്കുന്ന കലാകാരൻമാരും ഒരുപോലെ നിരാശയിലായി. എട്ടു ദിക്കും മുഴങ്ങുന്ന മുദ്രാവാക്യം വിളികളും ബൈക്ക് റാലിയുമടക്കം കലാശക്കൊട്ടിന്റെ സ്ഥിരം മുഖങ്ങൾ പലതും ഇത്തവണയുമുണ്ടായില്ല.
ചെണ്ടമേളം, ശിങ്കാരിമേളം, നാസിക് ഡോൾ, വിവിധ കലാരൂപങ്ങളുടെ അവതരണം ഒത്തുചേർന്ന കലാശക്കൊട്ട് കാഴ്ച ഇത്തവണയും നഷ്ടമായി. ഉത്സവ സീസണ് കഴിഞ്ഞാൽ കേരളത്തിലെ മേളക്കാർക്ക് ഏറ്റവുമധികം പരിപാടികൾ കിട്ടാറുള്ള സമയമായിരുന്നു തെരഞ്ഞെടുപ്പുകാലം.
ഉത്സവങ്ങളും പെരുന്നാളും ആചാരപരമായ ചടങ്ങുകൾ മാത്രമായി ചുരുക്കിയതു മൂലവും ഒട്ടേറെ കലാകാരൻമാർക്ക് അവസരം ലഭിക്കാതെ വന്നു. തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ ഈ തെരഞ്ഞെടുപ്പിലും കാര്യമായി പരിപാടികൾ ലഭിച്ചില്ല.
നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും ചെണ്ടമേളം, നാസിക് ഡോൾ എന്നിവ അവതരിപ്പിക്കുന്നവർക്കു പ്രചാരണ സമയത്ത് ചിലയിടങ്ങളിൽ അവസരം ലഭിച്ചു.
കലാശക്കൊട്ടിന്റെ ആവേശം ജ്വലിപ്പിക്കുന്ന വിഷ്വലുകൾ എഡിറ്റ് ചെയ്തു വീഡിയോ ആക്കി ഇന്നു നിശബ്ദപ്രചാരണം കൊഴിപ്പിക്കാൻ കാത്തിരുന്ന രാഷ്ട്രീയ പാർട്ടികളുടെ സൈബർ വിംഗും ഇതോടെ ആശങ്കയിലായി.