കോഴിക്കോട്: സംസ്ഥാനത്തു പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കേ രാഹുൽ ഗാന്ധിയുടെ അഭാവം മലബാറില്‍ ആവേശം കുറയ്ക്കുമോ എന്ന ആശങ്കയിൽ യുഡിഎഫ്.
വയനാട്ടില്‍ രാഹുല്‍ഗാന്ധി നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ലെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കോഴിക്കോട്, വടകര, കണ്ണൂര്‍ മണ്ഡലങ്ങളില്‍ അതല്ല അവസ്ഥ. അതുകൊണ്ടുതന്നെ അവസാനഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ വരവും അതു സൃഷ്ടിക്കുന്ന ആവേശവും യുഡിഎഫ് വൃത്തങ്ങള്‍ ഏറെ ആഗ്രഹിച്ചിരുന്നു.
അപ്രതീക്ഷിതമായുണ്ടായ ആരോഗ്യപ്രശ്നങ്ങളാലാണു രാഹുലിന്റെ കൊട്ടിക്കലാശ പ്രചാരണങ്ങൾ ഇല്ലാതായത്. വയനാട്ടിൽ ഇന്നും നാളെയുമായി മൂന്നു സ്ഥലത്തായിരുന്നു രാഹുലിന്റെ അവസാനഘട്ട പ്രചാരണം വച്ചിരുന്നത്. മൂന്നിടത്തും രാഹുൽ എത്താനിടയില്ല. മലബാറിൽ അദ്ദേഹം പ്രചാരണം നടത്തിയെങ്കിലും ഒടുവിലത്തെ സാന്നിധ്യം ഇല്ലാത്തതാണു യുഡിഎഫിനു നിരാശ ഉണ്ടാക്കുന്നത്.
കഴിഞ്ഞ തവണയുണ്ടായ രാഹുല്‍ തരംഗം കേരളത്തിലുടനീളം യുഡിഎഫിനു തുണയായിരുന്നു. ഇരുപതിൽ 19 സീറ്റും ലഭിക്കുകയും ചെയ്തു. ഇത്തവണ 20 സീറ്റും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും രാഹുൽ ഇഫക്ട് എത്രത്തോളമുണ്ടെന്ന കാര്യത്തിൽ യുഡിഎഫ് കേന്ദ്രങ്ങളിൽതന്നെ സംശയങ്ങളുണ്ട്.
കഴിഞ്ഞ തവണ കാസർഗോട്ടും കണ്ണൂരിലും വടകരയിലും കോഴിക്കോടും മികച്ച വിജയമാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത്. ഇതിന് കാരണം രാഹുല്‍ ഗാന്ധി കേരളത്തില്‍ മല്‍സരിച്ചതും അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന ചിന്ത ന്യൂന പക്ഷങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതുമായിരുന്നു.
വയനാട്ടിൽത്തന്നെ രാഹുൽ മത്സരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ തവണത്തെപോലുള്ള തരംഗം ഇക്കുറി യുഡിഎഫ് പോലും പ്രതീക്ഷിക്കുന്നില്ല. അതിനിടയിലാണ് രാഹുലിന്റെ അവസാനഘട്ടത്തിലെ അഭാവം. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ രാഹുലിന്റെ ചില പരാമര്‍ശങ്ങള്‍ ബൂമറാംഗ് ആയെന്ന വിലയിരുത്തലുമുണ്ട്.