നേമം: കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ വെള്ളായണി കായലോരത്തെ കൊറ്റില്ലം, കൊറ്റില്ലം സാമൂഹികവിരുദ്ധർ തീയിട്ടു നശിപ്പിച്ചു.
നേമം, തിരുവല്ലം പോലീസ് സ്റ്റേഷനുകളിലെ അതിർത്തിയിൽ വരുന്ന ഈ പ്രദേശത്ത് നടന്ന സംഭവത്തെക്കുറിച്ച് കല്ലിയൂർ ഗ്രാമപഞ്ചായത്ത് പരാതി നൽകിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടി ഉണ്ടാകുന്നില്ലെന്ന് പരാതി.
സംസ്ഥാന ജൈവവൈവിധ്യ ബോർഡുമായി സഹകരിച്ചു ഒരു വർഷം മുൻപാണ് ഈ പദ്ധതി ഇവിടെ നടപ്പാക്കിയത്.വെള്ളായണി കായൽ ഉൾപ്പെടുന്ന ഈ പ്രദേശത്ത് വിദേശത്തുനിന്ന് ഉൾപ്പെടെ നിരവധി ദേശാടനക്കിളികൾ ആണ് പല കാലഘട്ടങ്ങളിലായി എത്തിയിരുന്നത്.
ഇവയ്ക്ക് വിശ്രമിക്കുന്നതിനും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് അവയെ നേരിൽ കാണുന്നതിനും ഉദ്ദേശിച്ചുള്ളതാണ് കൊറ്റില്ലം. പ്രകൃതി സൗഹൃദപരമായ നിർമാണമാണ് നടത്തിയിരിക്കുന്നത്.
കല്ലിയൂർ ഗ്രാമ പഞ്ചായത്ത് ഇതു സംബന്ധിച്ച് യോഗം ചേർന്ന് ഇതിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ നടപ്പാക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.ഒരുകൊല്ലം മുമ്പ് സിനിമാനടൻ സുരേഷ് ഗോപിയുടെ മകനാണ് ഈ കൊറ്റില്ലം ഉദ്ഘാടനം ചെയ്തത്.