പനമരം: പക്ഷികളെ കെണി വച്ച് പിടിക്കുന്നവർ പനമരം കൊറ്റില്ലത്തിന് ഭിഷണിയാകുന്നു. നിരവധി പക്ഷികളെയാണ് ഇവർ പിടിച്ചത്. പക്ഷികളെ രക്ഷിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പനമരം കൊറ്റില്ലത്തിൽ ആയിരക്കണക്കിന് വിവിധ തരത്തിലുള്ള കൊക്കുകളാണുള്ളത്.
കൊക്കുകളെ പിടിക്കാനായി നാടോടികളിൽ ചിലർ കൊറ്റില്ലത്തിന്റെ പരിസരത്ത് തങ്ങുകയാണ്. വലവിരിച്ച് ചെറുതവളകളെ ഇരയായി വച്ചാണ് കൊക്കുകളെ ആകർഷിക്കുന്നത്. പത്തും, ഇരുപതും കൊക്കുകൾ ഒന്നിച്ചാണ് വലയിൽ കുടുങ്ങുന്നത്. ഇങ്ങനെ പിടിക്കുന്ന കൊക്കുകളെ കൂടാതെ ദേശാടന പക്ഷികളെയും ഈ കൂട്ടർ പിടിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പനമരം ചെറിയപാലത്തിനു സമീപമുള്ള ഇല്ലിക്കൂട്ടത്തിൽ നിന്ന് നാടോടികൾ പത്ത് വെള്ളകൊക്ക്, അരണ്ട തുടങ്ങിയവയെ പിടികൂടി. ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സംഘം പക്ഷികളെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. പകൽ സമയത്ത് കൊക്കുകൾ പനമരത്തും പരിസരത്തെ വയലുകളിലുമാണ് ഇരതേടാൻ എത്തുന്നത്.
ഇവിടെയാണ് നാടോടികൾ വലവിരിച്ച് കൊക്കുകളെ പിടിക്കുന്നത്.
കൊറ്റില്ലത്ത് നൂറുകണക്കിന് കൊക്കുകൾ എപ്പോഴുമുണ്ടാകും. കൊട്ടത്തോണിയിലും മറ്റും കയറി കൊറ്റില്ലത്തിലേക്ക് പോകാനുള്ള ശ്രമവും നടോടികൾ നടത്താറുണ്ട്. എന്നാൽ പുഴയിൽ ശക്തമായ ഒഴുക്കാണ് പക്ഷികൾക്ക് ഗുണമായി തിരുന്നത്. ഈ ഭാഗത്ത് ചീങ്കണ്ണിയും ധാരാളമുണ്ട്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ കൊറ്റില്ല തുരത്ത് ഇടിഞ്ഞിട്ടും സംരക്ഷിക്കാനുള്ള യാതോരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
വെള്ളമുണ്ട ഫോറസ്റ്റ് സെക്ഷന്റെ കീഴിൽ വരുന്ന കൊറ്റില്ലത്തെ പക്ഷികളെ സംരക്ഷിക്കാൻ വനം വകുപ്പ് കാവൽഏർപ്പെടുത്തന്നമെന്നാണ് പക്ഷി സ്നേഹികളുടെ ആവശ്യം.