കൊട്ടിയം: വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൊട്ടിയം സബ് രജിസ്ട്രാർ ഓഫീസ് കൊട്ടിയം ജംഗ്ഷന് സമീപം റവന്യൂവകുപ്പ് കണ്ടെത്തിയ പുറന്പോക്ക് ഭൂമിയിലേക്ക് മാറ്റി സ്ഥാപിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാവശ്യം.
മുപ്പത് വർഷത്തിലേറെ കൊട്ടിയം സബ് രജിസ്ട്രാർ ഓഫീസ് വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ആദിച്ചനല്ലൂർ പഞ്ചായത്തിൽപെട്ടവരാണ് ഭൂരിഭാഗവും ഈ ഓഫീസിന്റെ പരിധിയിൽ വരുന്നത്. കൊട്ടിയത്തിന് അധികദൂരമില്ലാത്ത കണ്ണനല്ലൂരിൽ നിലവിൽ സബ് രജിസ്ട്രാർ ഓഫീസുണ്ട്.
നിലവിൽ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട കൊട്ടിയം സബ് രജിസ്ട്രാർ ഓഫീസ് പോലീസ് സ്റ്റേഷന് സമീപത്തേക്ക് മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇങ്ങനെ വന്നാൽ കൊട്ടിയം, കണ്ണനല്ലൂർ സബ് രജിസ്ട്രാർ ഓഫീസുകൾ തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രദേശത്താകും.
ഒരു പഞ്ചായത്തിൽ രണ്ടു സബ് രജിസ്ട്രാർ ഓഫീസുകൾ വരുന്പോൾ ജനത്തിന് പ്രയോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ അതിർത്തി പ്രദേശമായ കുമ്മല്ലൂരിലുള്ളവർ കിലോമീറ്ററുകൾ താണ്ടി തൃക്കോവിൽവട്ടം പഞ്ചായത്ത് പരിധിയിലെ കൊട്ടിയം സബ് രജിസ്ട്രാർ ഓഫീസിലെത്തുന്നത് അപ്രായോഗികമാണ്.
നിലവില് സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം കാലപ്പഴക്കം മൂലം മാറ്റേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തിൽ വിഷയം ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് ചർച്ചക്കെടുക്കുകയും ഈ വിഷയം അജണ്ടവച്ച് കമ്മിറ്റിയിൽ കൊണ്ടുവരികയും ചെയ്തു. കൊട്ടിയം പ്രദേശത്ത് സർക്കാർ പുറന്പോക്ക് ഭൂമി ഉണ്ടോയെന്ന് ആദിച്ചനല്ലൂർ വില്ലേജ് ഓഫീസറോട് ആരായുകയും ചെയ്തു.
ഇതേതുടർന്ന് വില്ലേജ് ഓഫീസർ നടത്തിയ അന്വേഷണത്തിലാണ് കൊട്ടിയം ജംഗ്ഷന് സമീപം ഭൂമി കണ്ടെത്തിയത്. ഇതിൻപ്രകാരം പഞ്ചായത്ത് കമ്മിറ്റി ചേർന്ന് ഈ പുറന്പോക്ക് ഭൂമി സബ് രജിസ്ട്രാർ ഓഫീസിന് വേണ്ടി വിട്ടുനൽകാൻ ബന്ധപ്പെട്ട എല്ലാ രേഖകളും ഉൾപ്പെടുത്തി ജില്ലാകളക്ടർക്ക് പഞ്ചായത്ത് റിപ്പോർട്ട് നൽകിയിരിക്കുകയാണ്.
ഇതിന് അനുകൂല നടപടി ഉണ്ടായാൽ കൊട്ടിയത്തിന്റെ ഹൃദയഭാഗത്തുതന്നെ സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമിക്കാനാകും. സ്വന്തമായി കെട്ടിടം ഉണ്ടാകുംവരെ ഓഫീസ് മാറ്റേണ്ടിവന്നാൽ ആദിച്ചനല്ലൂർ പഞ്ചായത്ത് അടിയന്തിര സൗകര്യമൊരുക്കാനും ഒരുക്കമാണ്.
കൊട്ടിയം സബ് രജിസ്ട്രാർ ഓഫീസിനെ ആശ്രയിക്കുന്നവർക്ക് എത്തിച്ചേരാൻ സൗകര്യപ്രദമായ കൊട്ടിയത്തു തന്നെ ഓഫീസ് വരണമെന്നും ജില്ലാകളക്ടർ ഉൾപ്പെടെ ബന്ധപ്പെട്ട അധികൃതർ ഉടൻ നടപടി കൈക്കൊള്ളണമെന്നുമാണ് നാട്ടുകാരുടേയും പൊതുവികാരം.