കൊട്ടിയൂരിലെ പ്രശസ്തമായ വൈശാഖമഹോത്സവത്തിന്റെ ഉണര്‍വിലാണ് വടക്കന്‍കേരളം. മേയ് 10 മുതല്‍ ജൂണ്‍ 10 വരെ നീളുന്നതാണ് ഈവര്‍ഷത്തെ വൈശാഖ മഹോത്സവം.
അപൂര്‍വതകളും അത്ഭുതങ്ങളും നിറഞ്ഞതും പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്നതുമായ അക്കരകൊട്ടിയൂരിന്റെ വൈശാഖ ഉത്സവ വിശേഷങ്ങളെപ്പറ്റി അറിയാം…
കണ്ണുര്‍ ജില്ലയിലെ ശ്രീതൃചെറുമന്ന മഹാദേവ ക്ഷേത്രമാണ് കൊട്ടിയൂര്‍ക്ഷേത്രം (ഇക്കരെക്കൊട്ടിയൂര്‍) എന്നപേരില്‍ അറിയപ്പെടുന്നത്.
അതിപ്രശസ്തമാണ് അക്കരക്കൊട്ടിയൂരിലെ വൈശാഖ മഹോത്സവം. മേയ്-ജൂണ്‍ മാസത്തിലായി നടക്കുന്ന ഉത്സവം മലയാളമാസം അനുസരിച്ച് മേടം -ഇടവ മാസങ്ങളിലായാണ് വരുന്നത്’
കൊട്ടിയൂർ എന്ന പേരിന്റെ ചരിത്രം
കൊട്ടിയൂർ എന്ന പേരിന്റെ ചരിത്രം ത്രിമൂര്‍ത്തികള്‍ കൂടിച്ചേര്‍ന്ന സ്ഥലമായതിനാല്‍ ലഭിച്ച കൂടിയൂര് എന്ന പേരില്‍ നിന്നാണ് കൊട്ടിയൂര്‍ ഉണ്ടായതെന്നാണ് പറയപ്പെടുന്നത്.
ദക്ഷിണകാശി എന്നപേരിലും ഇവിടം പ്രശസ്തമാണ്. ദക്ഷന്റെ യാഗഭൂമിയാണ് അക്കരെക്കൊട്ടിയൂരെന്നാണ് വിശ്വാസം.അപൂര്‍വ്വതകളും നിഗൂഡതകളും നിറഞ്ഞതാണ് കൊട്ടിയൂരിലെ വൈശാഖമാസ പൂജകളും ആരാധനാ രീതികളും.
ചടങ്ങുകളിലെയും പൂജാരീതികളിലെയും വ്യത്യസ്തമാര്‍ന്ന ശൈവരീതികള്‍ ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്ന ഒരുപ്രധാന ഘടകമാണ്.
ഇക്കരക്കൊട്ടിയൂരും അക്കരക്കൊട്ടിയൂരും
ഇക്കരക്കൊട്ടിയൂരെന്നും അക്കരക്കൊട്ടിയൂരെന്നും പേരുളള രണ്ട് ക്ഷേത്രങ്ങളാണ് വാവലിപ്പുഴക്ക് ഇരുകരകളിലും കിഴക്കു പടിഞ്ഞാറു ഭാഗങ്ങളിലായി കൊട്ടിയൂരില്‍ സ്ഥിതിചെയ്യുന്നത്.
ഇക്കരെ കൊട്ടിയൂരിലേത് സ്ഥിരക്ഷേത്രമാണ്. എന്നാല്‍ അക്കരെ കൊട്ടിയൂരിലെ ക്ഷേത്രത്തില്‍ വൈശാഖഉത്സവ കാലത്തു മാത്രമാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.
വൈശാഖഉത്സവം തുടങ്ങിയാല്‍പിന്നെ ഇക്കരെക്കൊട്ടിയൂരിലെ സ്ഥിരക്ഷേത്രം അടക്കും. ഇവിടെ ഈസമയത്ത് പൂജാദികര്‍മ്മങ്ങള്‍ നടത്തുന്ന പതിവില്ല. പിന്നെ ചടങ്ങുകളെല്ലാം അക്കരക്കൊട്ടിയൂരിലാണ് നടത്തുക.
വിഗ്രഹവും അമ്പലവുമില്ലാത്ത അക്കരെക്കൊട്ടിയൂർ
വിഗ്രഹവും അമ്പലവുമില്ലാത്ത അക്കരെക്കൊട്ടിയൂർ അത്ഭുതവും അമ്പരപ്പും ഒന്നുപോലെ ഉണര്‍ത്തുന്ന ശൈവരീതിയിലുളള ഗൂഡ-ഗുപ്ത പൂജകളും വൈശാഖഉത്സവകാലത്ത് ഇവിടെ നടത്തി വരുന്നു.
ഇടവമാസത്തിലെ ചോതിനാളില്‍ തുടങ്ങുന്ന ചടങ്ങുകള്‍ തൃക്കലശാട്ടം ചടങ്ങോടെ സമാപിക്കും. വിഗ്രഹമോ സ്ഥിരമായ അമ്പലമോ ഒന്നും അക്കരക്കൊട്ടിയൂരില്‍ ഇല്ല.
ശിവലിംഗം സ്ഥിതിചെയ്യുന്ന മണിത്തറയും സതിദേവി യാഗാഗ്നിയില്‍ ദേഹത്യാഗം ചെയ്ത ഇടമായി കരുതുന്ന അമ്മാരക്കല്ലുമാണ് ഇവിടുത്തെ ദേവസങ്കല്‍പ്പം.
മണിത്തറ
തിരുവഞ്ചിറ ജലാശയത്തിനു മധ്യത്തിലായി പുഴയിലെ കല്ലുകള്‍ ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയിട്ടുളള ഇടമാണ് മണിത്തറ എന്നറിയപ്പെടുന്നത്. ഈ ദേവസ്ഥാനങ്ങളെ മറച്ചുകൊണ്ട് തിരുവഞ്ചിറയില്‍ താല്‍ക്കാലികമായി നിര്‍മ്മിക്കുന്ന ക്ഷേത്രത്തിലാണ് വൈശാഖോത്സവം നടത്തുന്നത്.
ജലാശയത്തിലൂടെ നടന്നാണ് ക്ഷേത്രപ്രദക്ഷിണവും ശീവേലിയും നടക്കുക. ദക്ഷയാഗ സമയത്ത് വീരഭദ്രന് വീഴ്ത്തിയ രുധിരം അഥവാ രക്തം ഒഴുകി ഉണ്ടായ പുഴ രുധിരഞ്ചിറ പിന്നിട് തിരുവഞ്ചിറയായെന്നാണ് ഐതിഹ്യം.
കൊട്ടിയൂർ ഐതിഹ്യം
ഭഗവാൻ പരമശിവനെ അപമാനിക്കാൻ സതിയുടെ പിതാവായ ദക്ഷൻ യാഗം നടത്തിയ സ്ഥലമ്മാണ് കൊട്ടിയൂർ. കേരളത്തിൽ ശബരിമല കഴിഞ്ഞാൽ ഉൽസവകാലത്ത് കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രമാണ് അക്കരെ കൊട്ടിയൂർ.
കണ്ണൂർ ജില്ലയുടെ കിഴക്ക് ഭാഗത്തായി വയനാട് ജില്ലയോട് ചേർന്നാണ് കൊട്ടിയൂർ സ്ഥിതി ചെയ്യുന്നത്. വളപ്പട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി മുറിയ്ക്കുന്നു.
ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. പരമശിവനെ സതി വിവാഹം ചെയ്തതിൽ ഇഷ്ടപ്പെടാത്ത സതിയുടെ പിതാവ് ദക്ഷൻ പതിനാലുലോകത്തെ ശിവനൊഴികെ എല്ലാവരേയും ക്ഷണിച്ചുകൊണ്ട് യാഗം നടത്തി.
ക്ഷണിച്ചില്ലെങ്കിലും സതി യാഗം കാണാൻ പോയി. അവിടെവച്ച് പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ ദുഃഖിതയായ സതീദേവി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി.
കൈലാസത്തിലിരുന്ന പരമശിവൻ ഇതറിഞ്ഞ് കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതിൽ നിന്നും വീരഭദ്രൻ ജനിച്ചു. വിരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ താടി പറിച്ചെരിഞ്ഞു, ശിരസറുത്തു.
ശിവൻ താണ്ഡവ നൃത്തമാടി. ദേവന്മാരും ഋഷിമാരും ബ്രഹ്മവിഷ്ണുമാരും ശിവനെ സമീപിച്ച് ശാന്തനാക്കി. ധക്ഷന്റെ തല അതിനിടയിൽ ചിതറി പോയതിനാൽ ആടിന്റെ തല ചേർത്ത് ദക്ഷനെ പുനർജീവിപ്പിച്ചു.
യാഗവും പൂർത്തിയാക്കി. പിന്നീട് ആ പ്രദേശം വനമായിമാറി എന്നുമാണ് വിശ്വാസം.
കർശന സുരക്ഷ
വൈശാഖ മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു. പേരാവൂർ ഡിവൈഎസ്പി എ.വി ജോണിന്റെ നേതൃത്വത്തിൽ ഇക്കരെ കൊട്ടിയൂർ ക്ഷേത്ര ഹാളിൽ നടന്ന യോഗത്തിൽ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി സ്വീകരിക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്തു.
വാഹനങ്ങൾ ക്ഷേത്രത്തിന് എത്തുന്നതിന് മുമ്പ് ടോക്കൺ സംവിധാനം നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ തീരുമാനിച്ചു. സുരക്ഷയുടെ ഭാഗമായി നിരീക്ഷണത്തിനായി വാച്ച് ടവർ സ്ഥാപിക്കാനും തിരക്കുള്ളപ്പോൾ സമാന്തര പാത ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കണമെന്നും നിർദേശമുണ്ടായി.
പാർക്കിംഗിന് സമീപത്തെ സ്കൂളുകളുടെയും മറ്റ് ആരാധാനാലയങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും സ്ഥലങ്ങൾ ഏറ്റെടുക്കും. ഉത്സവം കഴിയുന്നത് വരെ കൊട്ടിയൂരിലൂടെ ചെങ്കൽ ലോറികളും മറ്റ് ഭാരം കയറ്റിയ ലോറികളും നിരോധിക്കും.
പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവിശിഷ്ടങ്ങളും പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് കർശനമായി തടയുകയും ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർക്കെതിരേ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.