മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്. മലയാളികളുടെ മനസില്‍ മായാതെ നില്ക്കുന്ന ചിത്രം.
എന്നാല്‍ കോട്ടയം കുഞ്ഞച്ചന് മുഴുവന്‍ ചിത്രീകരിച്ചത് തിരുവനന്തപുരത്തായിരുന്നു. സംവിധായകന് സുരേഷ് ബാബു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒരിക്കല്‍ ഞാനും തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫും ഒരു കഥയുമായി ബന്ധപ്പെട്ട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയിരുന്നെങ്കില്‍ കഥയില്‍ ഒരു ട്വിസ്റ്റ് കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
പിന്നീട് മുട്ടത്ത് വര്‍ക്കിയെ കണ്ടു സംസാരിച്ചു. അദ്ദേഹത്തിന്റെ സമ്മതം കിട്ടിയതോടെ സിനിമയുമായി മുന്നോട്ടു പോയി.
അക്കാലത്ത് മമ്മൂട്ടി ഒട്ടേറെ നല്ല സിനിമകള്‍ ചെയ്തിരുന്നെങ്കിലും കോമഡി ടച്ചുള്ള മമ്മൂട്ടി കഥാപാത്രങ്ങള്‍ അത്ര വിജയമായിരുന്നില്ല. എന്നാലും ഈ സിനിമയിലെ കഥാപാത്രം മമ്മൂട്ടിക്കു കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മമ്മൂട്ടി, തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ്, നിര്‍മാതാവ് അരോമ മണി എന്നിവര്‍ക്കെല്ലാം ഈ കഥയോടു വലിയ വിശ്വാസമായിരുന്നു.
എന്നാല്‍ അതല്ല പ്രശ്നമായത്. അക്കാലത്ത് സിനിമകളെല്ലാം തന്നെ തിരുവന്തപുരത്താണ് ചിത്രീകരിച്ചിരുന്നത്. എന്നാല്‍ സപേരു പോലെ തന്നെ ഈ സിനിമ കോട്ടയം പോലുള്ള, ക്രിസ്ത്യന്‍ പള്ളി യൊക്കെയുള്ള സ്ഥലത്ത് വേണമായിരുന്നു ഷൂട്ട് ചെയ്യാന്‍. എന്റെ അച്ഛന് ഒരു സിനിമാ വിതരണക്കാരനായിരുന്നു.
അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും പോയിട്ടുള്ള ആളാണ്. അച്ഛനാണ് തിരുവനന്തപുരത്തെ അമ്പൂരി എന്ന സ്ഥലം ലൊക്കേഷനാക്കാന്‍ പറഞ്ഞത്.
റബ്ബര്‍ തോട്ടങ്ങള്‍ ഒക്കെയുള്ള അമ്പൂരി ശരിക്കും കോട്ടയം പോലെ തന്നെയാണ്. പള്ളിയും മറ്റെല്ലാം കൃത്യമായി കിട്ടി. അങ്ങനെ അവിടെ സിനിമ ചിത്രീകരിക്കാന്‍ തീരുമാനിച്ചു.
സിനിമയില്‍ കോട്ടയം മാര്‍ക്കറ്റിലെ ഒരു രംഗമുണ്ട്. അതും അമ്പൂരിയില്‍ തന്നെയാണ് ഷൂട്ട് ചെയ്തത്. 24 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്- സംവിധായകന് പറയുന്നു. -പിജി