ഗാസിനഗർ: കോട്ടയം മെഡിക്കൽ കോളജ് അത്യാഹിതവിഭാഗത്തിൽ അപകടങ്ങളിൽപ്പെടാത്ത രോഗിയെ മരിച്ചനിലയിൽ കൊണ്ടുവന്നാൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ പോലൃസ് തന്നെ മൃതദേഹം കൈപ്പറ്റണമെന്ന് ആശുപത്രി അധികൃതർ.
നാളിതുവരെ ഏതെങ്കിലും രോഗത്തിന് ചികിത്സയിൽ കഴിയുന്ന രോഗികളെ മറ്റേതെങ്കിലും ആശുപത്രികളിൽ നിന്നോ, വീടുകളിൽ നിന്നോ മെഡിക്കൽ കോളജിലേക്കു കൊണ്ടുവരുന്ന വഴിമധ്യേ മരണപ്പെട്ടാൽ മെഡിക്കൽ കോളജിൽ എത്തിയശേഷം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽനിന്നും എൻഒസി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ഹാജരാക്കിയാൽ ബന്ധുക്കൾക്ക് തന്നെ മൃദദേഹം പോസ്റ്റ്മോർട്ടം നടത്താതെ വിട്ടുനൽകുന്നതായിരുന്നു രീതി.
കഴിഞ്ഞ ആഴ്ച ആലുവ സ്റ്റേഷനിൽനിന്നും എൻഒസി ലഭിച്ചശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയും, ഈ മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്കു മടങ്ങവേ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോ പോലീസിൽ അറിയിക്കുകയും തുടർന്ന് പോലീസ് ഇടപെട്ട് എറണാകുളം ജനറൽ ആശുപത്രിയിൽ ഈ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയശേഷമാണ് ബന്ധുക്കൾക്കു കൈമാറിയത്.
കൂടത്തായി, കരമന കൊലപാതകങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളാൻ അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് സൂചന. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ രോഗികൾ മരിച്ച നിലയിൽ എത്തിയാൽ എൻഒസി സ്വീകരിക്കുന്നതോടൊപ്പം ബന്ധപ്പെട്ട പോലീസെത്തിയശേഷം മൃതദേഹം വിട്ടു നൽകിയാൽ മതിയെന്ന് ആശുപത്രി അധികൃതർ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.