മരട്: ദേശീയപാത നെട്ടൂരില്‍ ലോറി ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്ന രണ്ടു പേർ പിടിയിലായി.
പനങ്ങാട് പുത്തന്‍ തറയില്‍ അഖില്‍ (23), ചിറ്റാനപ്പറമ്പില്‍ അമല്‍ (22) എന്നിവരെയാണ് പനങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്.
പുലർച്ചെ ലോറി ഡ്രൈവറെ ആക്രമിച്ച് പണവുമായി മുങ്ങിയ സംഘം വീണ്ടും എത്തി ആക്രമണം നടത്തുന്നതിനിടെ ഡ്രൈവർ ഇവരിൽ ഒരാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.
ഇന്നലെ പുലർച്ചെ ഒന്നോടെ നെട്ടൂരില്‍ ടോയ് പാര്‍ക്കിനു സമീപമായിരുന്നു സംഭവം.
ദേശീയ പാതയോരത്ത് നിർത്തിയിട്ട ലോറിയിൽ ഉറങ്ങുകയായിരുന്ന തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി സേതുവിനെ ആക്രമിച്ചാണ് സംഘം പണം കവർന്നത്.
തമിഴ്നാട്ടില്‍നിന്നു നെട്ടൂരിലെ സിക്കാജെന്‍ പൈപ്പ് കടയില്‍ ലോഡുമായെത്തിയതായിരുന്നു സേതു.
രാത്രി വാഹനത്തില്‍ ഉറങ്ങുന്നതിനിടെ ആക്രമികളിലൊരാള്‍ സേതുവിനെ തട്ടിവിളിക്കുകയും മൊബല് ഫോണും പണവും ആവശ്യപ്പെടുകയും ചെയ്തു.
ഇത് എതിർത്ത സേതുവിനെ ആക്രമിച്ച് 1,000 രൂപ യുമായി ഇയാൾ മുങ്ങി.
പിന്നീട് ഇതേ സംഘം തന്നെ പുലർച്ചെ നാലോടെ വീണ്ടുമെത്തുകയും കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്തു.
പണം ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് സേതുവിനെ വീണ്ടും ആക്രമിക്കുകയും ലോറിയുടെ മുന്നിലെ ഗ്ലാസ് തല്ലിത്തകര്‍ക്കുകയും ചെയ്തു.
രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളിലൊരാളെ ലോറി ഡ്രൈവര്‍ പിടിച്ചുവച്ചു.
സംഭവസമയം അതുവഴി പോയവരും നാട്ടുകാരും പോലീസിനെ വിവരം അറിയിക്കുകയും പനങ്ങാട് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തുടർന്ന് കൂട്ടുപ്രതിയെ പനങ്ങാടുള്ള വീട്ടില്‍നിന്ന് പിടികൂടി. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് പനങ്ങാട് എസ്ഐ ജിന്സണ് ഡൊമിനിക് പറഞ്ഞു.