നേമം: പള്ളിച്ചൽ സ്വദേശിനിയായ കൗസല്യയെ (80) കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ ക്കൂടി നരുവാമൂട് പോലീസ് അറസ്റ്റ് ചെയ്തു. അയണിമൂട് മണ്ണാറമുട്ടം കോളനിയിൽ ദേവകൻ (പിക്കി, 28), അയണിമൂട് മണ്ണാറമുട്ടം കോളനിയിൽ സുരേഷ് ബാബു (തവക്കള ബാബു ,41) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
കൗസല്യയുടെ വളർത്തുമകനായ അയണിമൂട് റോഡരികത്ത് വീട്ടിൽ അയ്യപ്പൻ (26) നെ പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബർ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിനുള്ളിൽ ബോധരഹിതയായി കാണപ്പെട്ടതിനെ തുടർന്ന് മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൗസല്യ പീന്നിട് വീട്ടിൽ വച്ച് മരിക്കുകയായിരുന്നു. ആദ്യം അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വളർത്തുമകനായ അയ്യപ്പനും സുഹൃത്തുക്കളും ചേർന്ന് പണം ആവശ്യപ്പെട്ട് വയോധികയെ ദേഹോപദ്രവം ചെയ്തതായി കണ്ടെത്തിയത്. പോലീസ് അന്വേഷിക്കുന്നതായി മനസിലാക്കിയ പ്രതികൾ ഒളിവിൽ കഴിയവെയാണ് നരുവാമൂട് ഇൻസ്പെക്ടർ കെ.ധനപാലന്റെ നേതൃത്വത്തിൽ എ എസ്ഐമാരായ ജോയി, അനിൽകുമാർ, എസ്സിപിഒ പ്രദീപ് കുമാർ, സിപിഒമാരായ ഷിജുലാൽ, സന്തോഷ് കുമാർ എന്നിവരാണ് പ്രതികളെ അറസ്റ്റ്ചെയ്തത്.