ആലുവ: രണ്ടര കോടി വിലവരുന്ന ഒന്നര കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായ കേസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഇടുക്കി കട്ടപ്പന സ്വദേശിയായ കൗസല്യ ടോമി, അച്ചായൻ ടോമി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ടോമി അലക്സിന്റെ പങ്ക് വ്യക്തമായതിനേത്തുടർന്ന് ഇയാളെ തേടി എക്സൈസ് സംഘം അങ്ങോട്ട് തിരിച്ചിട്ടുണ്ട്.
കേസിൽ പിടിയിലായ ഉടുന്പൻചോല സ്വദേശി അജേഷ് നൽകിയ വിവരത്തേത്തുടർന്നാണ് ഇടുക്കി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലഹരി മാഫിയ തലവനായ ടോമിക്ക് വേണ്ടി അന്വേഷണം ഉൗർജിതമാക്കിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് അജേഷിനെ ഹഷീഷ് ഓയിലുമായി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആലുവ എക്സൈസ് സിഐ ടി.എൻ.സുധീറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.
എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ രഞ്ജിതിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. ആന്ധ്രയിൽ നിന്നുമാണ് കോടികളുടെ ലഹരിമരുന്ന് അജേഷ് ആലുവയിൽ എത്തിച്ചത്. യാത്രയ്ക്കും താമസക്കിനും പുറമേ 25,000 രൂപയാണ് ഓരോ കടത്തിനും അജേഷിന് ടോമി നൽകിയിരുന്നത്.
10 വർഷത്തോളമായി ഇവരുടെ കൂട്ടുകെട്ടിൽ ലഹരിക്കടത്ത് തുടങ്ങിയിട്ടെന്ന് പിടിയിലായ അജേഷ് സമ്മതിച്ചിരുന്നു.
മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ടോമി കടന്നു കളഞ്ഞിരിക്കുകയാണ്. ഇയാൾ തമിഴ്നാട് വഴി ആന്ധ്രയിലേക്ക് കടന്നിരിക്കാനാണ് സാധ്യത.
നേരത്തെ 8 കിലോ ഹഷീഷ് ഓയിൽ, 115 കിലോ കഞ്ചാവും പിടികൂടിയതിലും ടോമിക്കെതിരേ കേസുണ്ട്. കള്ളനോട്ട് കേസടക്കം നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾ പങ്കാളിയാണെന്നാണ് സൂചന. അതേസമയം, കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന അജേഷിനെ ഉടനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താനാണ് എക്സൈസിന്റെ നീക്കം.