വിഴിഞ്ഞം: ടൂറിസം സീസണ് തുടക്കമായെങ്കിലും വിദേശ വിനോദ സഞ്ചാരികളുടെ വരവില്ലാതെ കോവളം തീരം. ഇതര സംസ്ഥാന സഞ്ചാരികളുടെ സാനിധ്യമുണ്ടെങ്കിലും കടൽ ശാന്തമാകാത്തതുംഅടിസ്ഥാന വികസനമില്ലായ്മയും സീസണിന്റെ മാറ്റു കുറക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കൂടാതെ സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയും ഓഖിയും നിപ്പയും വിദേശ വിനോദ സഞ്ചാരികലുടെ വരവ് കുറയ്ക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.
കോവളം വികസനത്തിന്റെ പേരിൽ ലക്ഷങ്ങളും കോടികളും ചെലവഴിക്കുന്നതായി അവകാശപ്പെടുമ്പോഴും ബീച്ചുകളുടെ ഇരുട്ടകറ്റാൻ പോലും അധികൃതർക്കായിട്ടില്ല. വിദേശ വനിതയുടെ കൊലപാതകവുമായുള്ള വിവാദങ്ങൾ തണുപ്പിക്കാൻ ഹൗവ്വാബീച്ചിൻ സ്ഥാപിച്ച മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകളും തെളിയിക്കാനായില്ല.
പണം കൈപ്പറ്റാനല്ലാതെ വിവിധ വകുപ്പുകൾ തമ്മിൽ യോജിപ്പില്ലാത്തതും വികസനത്തിന് തിരിച്ചടിയായി. ഇരുട്ടിൽ തപ്പിയ സഞ്ചാരികളെ രക്ഷിക്കാൻ ഗ്രോബീച്ചിൽ പോലീസുകാർ സ്വന്തം ചിലവിൽ രണ്ട് ലൈറ്റുകൾ സ്ഥാപിച്ചു.നടപ്പാത ഉൾപ്പെടെയുള്ളവയുടെ കാര്യത്തിൽ ഇനിയും തീരുമാനമായില്ല. പ്രതിസന്ധികളേറെയുണ്ടെങ്കിലും കോവളം വിനോദ സഞ്ചാര മേഖല കരുത്തുകാട്ടിയാണ് പോയ വർഷം മുന്നോട്ടു പോയത്.
പലതരത്തിലുള്ള ടൂറിസം സാധ്യതകൾ കേരളത്തിലുണ്ടെങ്കിലും കടലോര ടൂറിസത്തിന് ലഭിച്ചത്ര പ്രചാരവും ആകർഷണവും മറ്റുള്ളവയ്ക്ക് ലഭിച്ചില്ല. വിദേശ വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ച തീരമാണ് കോവളം. ശാന്തമായ കടലും പ്രശാന്തമായ കാലാവസ്ഥയുമെല്ലാമാണ് ഇവിടത്തെ ആകർഷണ ഘടകം. എന്നാൽ ഇക്കുറി കാലാവസ്ഥയിലുണ്ടായ മാറ്റം കടലിന്റെ ശാന്തതയ്ക്കും കോട്ടം തട്ടി.