വിഴിഞ്ഞം: കോവിഡിന്റെ ഒന്നാം തരംഗത്തിൽ നിന്നും കരകയറാൻ തുടങ്ങിയ വിനോദ സഞ്ചാരമേഖലക്കും രണ്ടാംഘട്ട വ്യാപനം കനത്ത തിരിച്ചടി .
കേരളത്തിലെ പ്രധാന ടൂറിസം മേഖലയായ കോവളത്തെത്തുന്ന വിദേശികളും, സ്വദേശികളുമടങ്ങുന്ന സഞ്ചാരികൾ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ വന്നിരുന്ന പൂവാർ പൊഴിക്കര തീരവും ഇപ്പോൾ വിജനമാണ്.
ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾ കണ്ടൽക്കാടുകൾക്കിടയിൽ നെയ്യാറിന്റെ തീരത്തിലൂടെ ബോട്ട് സവാരി നടത്തിയാണ് പ്രകൃതി സൗന്ദര്യമാസ്വദിച്ചിരുന്നത്.
ജില്ലയിൽ ഏറ്റവുമധികം ഉല്ലാസ ബോട്ടുകളുള്ള മേഖലയാണ് പൊഴിക്കര.എന്നാൽ കോവിഡിന്റെ രണ്ടാംതരംഗത്തിൽ ബോട്ടുക്ലബുകളെല്ലാം പൂട്ടിയതോടെ ഇവിടെ തൊഴിലെടുത്തിരുന്ന നൂറ് കണക്കിന് തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലായി..
നെയ്യാറിന്റെ ഇരുവശങ്ങളിലുമായി 31 ബോട്ട് ക്ലബുകളിലായി 240 ബോട്ടുകളാണുള്ളത്. 1200 ഓളം തൊഴിലാളികൾ പണിയെടുത്തിരുന്ന ഈ മേഖല പൂർണമായും സ്തംഭിച്ചു.
ഇവിടുത്തെ തൊഴിലാളികൾക്ക് ദിനംപ്രതി 500 രൂപ മുതൽ 1500 രൂപ വരെയാണ് ശമ്പളമായി ലഭിച്ചിരുന്നത്.
പ്രായഭേദമന്യേ ഇവിടെ ജോലി ചെയ്തവന്ന തൊഴിലാളികൾ പട്ടിണിയിൽ നിന്ന് രക്ഷനേടാൻ മറ്റ് ജോലികൾ തേടിയിറങ്ങി.
നെയ്യാറിന്റെ കരയിൽ മാസം 15000 മുതൽ 50000 വരെയുള്ള തുകയ്ക്ക് സ്ഥലം വാടകയ്ക്കെടുത്താണ് ഭൂരിഭാഗം ബോട്ട് ക്ലബുൾ പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ഒരു വർഷം അടച്ചിട്ടതോടെ തറവാടക കൊടുക്കാത്തതിന്റെ പേരിൽ പല ബോട്ടുക്ലബുകളും സ്ഥല ഉടമസ്ഥൻ പൂട്ടിയെടുത്തായി ഇവർ പറയുന്നു.
വർഷതോറും വിഴിഞ്ഞം തുറമുഖത്ത് നടത്തി വരുന്ന റണിംഗ് ടെസ്റ്റ് ,ഇൻഷ്വറൻസ് എന്നിവയ്ക്ക് തന്നെ 8000 രൂപയോളം വേണ്ടിവരുന്നു.
ഇതിന് പുറമെ അഞ്ച് വർഷിലൊരിക്കൽ ബോട്ടിന് റീടെസ്റ്റ് എന്നിവയും നടത്തുന്നു.
ഉള്ള കിടപ്പാടവും, സ്ഥലവുമൊക്കെ പണയം വച്ചും ലോണെടുത്തും ലക്ഷങ്ങൾ മുടക്കിയാണ് ക്ലബുകൾ നടത്തിവരുന്നത്.കോവിഡിന്റെ ഒന്നാഘട്ടം തീർന്ന് ബോട്ടുകൾ തീരത്തേയ്ക്കിറങ്ങിയത് കഴിഞ്ഞ ഡിസംബർ മാസത്തിലാണ്.
ഒരു വർഷത്തോളം തൊഴിൽ നഷ്ടപ്പെട്ടവർക്ക് പ്രതീക്ഷയായിരുന്നു കഴിഞ്ഞ മൂന്ന് മാസം.
എന്നാൽ മഹാമാരിയുടെ രണ്ടാം വ്യാപനത്തിൽ വീണ്ടും അടച്ച് പൂട്ടൽ വന്നതോടെ ഇവരുടെ കിടപ്പാടങ്ങൾ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലായെന്ന് ബോട്ടുടമകൾ പറയുന്നു.