സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബീച്ചിലേക്കോ കടൽ തീരത്തേയ്ക്കോ കൂടുതൽ മദ്യം കൊണ്ടു പോകാൻ അനുവദിക്കരുതെന്ന പോലീസ് ഉന്നത തലത്തിൽ നിന്നുള്ള നിർദേശം നടപ്പാക്കുക മാത്രമാണു ചെയ്തതെന്നു വ്യക്തമാക്കി കോവളത്തു വിദേശ പൗരനെ അവഹേളിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഗ്രേഡ് എസ്ഐ ഷാജി മുഖ്യമന്ത്രിക്കു പരാതി നൽകി.
പുതുവർഷ തലേന്ന് തീരത്തു മദ്യം കൊണ്ടു പോകാൻ അനുവദിക്കരുതെന്ന് ഉന്നതതല നിർദേശമുണ്ടായിരുന്നു. പോലീസ് ഉന്നതതലത്തിൽ നിന്നു നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവാദിത്വം മാത്രമാണ് നിറവേറ്റിയതെന്നും പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുഖേന നൽകിയ പരാതിയിൽ പറയുന്നു.
സംസ്ഥാന പോലീസ് മേധാവിക്കും പരാതിയുടെ പകർപ്പു നൽകി.ഇതിനിടെ സ്വീഡിഷ് പൗരൻ വാങ്ങിവന്ന മദ്യം ഒഴുക്കിക്കളഞ്ഞ പോലീസ് നടപടി വിവാദമായതോടെ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരുടെ പങ്കു കണ്ടെത്താൻ വകുപ്പുതല അന്വേഷണം തുടങ്ങി.
സ്റ്റീഫനെ തടഞ്ഞ് വാഹന പരിശോധന നടത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന കോവളം സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ അനീഷ്, സിവിൽ പോലീസ് ഓഫീസർരായ മനീഷ്, സജിത്ത് എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനാണ് സിറ്റി പോലീസ് കമ്മീഷണർ നിർദേശം നൽകിയത്.
കോവളം തീരത്തേക്ക് മദ്യവുമായി പോകരുതെന്ന ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം പാലിച്ച പോലീസുകാർക്കെതിരെ നടപടി പാടില്ലെന്ന പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ആവശ്യം തള്ളിയാണ് സർക്കാർ നീക്കം.
വിദേശിയോടു മോശമായി സംസാരിക്കുയോ മദ്യം ഒഴുക്കിക്കളയാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നു ഗ്രേഡ് എസ്ഐ ഷാജി മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നു.
ഇരട്ടക്കൊല കേസിലെ പ്രതികൾക്കു വധശിക്ഷ വാങ്ങി കൊടുക്കാൻ അന്വേഷണം പൂർത്തിയാക്കിയ ഉദ്യോഗസ്ഥനാണ് താൻ. കോവളത്ത് റൂം ബുക്ക് ചെയ്തിരുന്നവർ ബില്ലുൾപ്പെടെ മദ്യവുമായി വന്നപ്പോൾ കടത്തി വിട്ടിരുന്നു.
സ്വീഡിഷ് പൗരൻ സ്റ്റീഫൻ ആസ്ബർഗ് മറ്റൊരു പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. തന്റെ പേരിലുള്ള ഹോം സ്റ്റേ കൈയേറിയവർക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് സ്റ്റീഫൻ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറെ സമീപിച്ചത്.
കോവളം വെള്ളാറിൽ ഹോം സ്റ്റേ നിർമിക്കാൻ സ്വന്തം കന്പനിയുടെ പേരിൽ ഒൻപത് സെൻറ് സ്ഥലം സ്റ്റീഫൻ വാങ്ങിയിരുന്നു. രണ്ട് പേരിൽ നിന്നായാണു ഭൂമി വാങ്ങിയത്.
മുൻ ഭൂവുടമയുടെ ബന്ധു ഹോം സ്റ്റേ കൈയേറി താമസിക്കുന്നതായും തന്റെ ജീവന് ഭീഷണിയുണ്ടെന്നുമാണ് സ്റ്റീഫൻ ആസ്ബർഹിന്റെ പരാതിയിലുള്ളത്. സ്വത്തു തർക്ക കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.