വിഴിഞ്ഞം: അന്യനാടുകളിൽ നിന്ന് ദൈവത്തിന്റെ സ്വന്തം നാടുകാണാനെത്തിയിരുന്നവരും കൈവിട്ട വിനോദസഞ്ചാര സീസണെ കടൽ വഴി ലോകം ചുറ്റുന്നവരുമായി വന്നു പോയിരുന്ന ആഡംബര കപ്പലുകളും തിരിഞ്ഞു നോക്കിയില്ല.
വിഴിഞ്ഞം തീരത്തുകാരെ എല്ലാവർഷവും സൈറൺ മുഴക്കി ഉണർത്താൻ സീസണിൽ രണ്ടും മൂന്നും പ്രാവശ്യം തുറമുഖത്തടുത്തിരുന്ന ഐലന്റ് സ്കൈയും ക്ലിപ്പർ ഒഡീസിയും ലി പൊണന്റും ഇക്കുറി വിഴിഞ്ഞത്തെ മറന്നു .
കേരളത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാൻ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ ഒരുമിച്ച് കൊണ്ടുവന്നിരുന്ന ആഢംബര കപ്പലുകൾ അവസാനിക്കാറായ സീസണിൽ ഇനിവരുമെന്ന പ്രതീക്ഷയും അധികൃതർക്കില്ല.
കോവളം അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രത്തിനും തലസ്ഥാന നഗരിക്കും ഉണർവു പകരാൻ മുൻ വർഷങ്ങളിൽ കടൽ വഴി നൂറ് കണക്കിന് സഞ്ചാരികൾ എത്തിയിരുന്നു. ടൂർ ഓപ്പറേറ്റർമാർ പതിവുപോലെ ഇക്കുറിയും അന്വേഷണവുമായി വിഴിഞ്ഞത്തു വന്നതോടെ 2019 ന്റെ അവസാനമോ 2020ന്റെ ആദ്യമോ സഞ്ചാരികളുമായി കപ്പൽ അടുക്കുമെന്ന് കരുതിയെങ്കിലും ഇതുവരെയും യാതൊരറിയിപ്പും അധികൃതർക്ക് ലഭിച്ചില്ല.
എന്നാൽ മുൻ വർഷങ്ങളെക്കാൾ പരിതാപകരമായ അവസ്ഥയിലാണ് ഇത്തവണ കോവളത്തിന്റെയും സീസൺ. ഇംഗ്ലണ്ട്, റഷ്യ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള പതിവുകാരായ കുറെ പ്രായം ചെന്നവർ വന്നെങ്കിലും യുവാക്കളുടെ അസാന്നിധ്യം പ്രൗഢികുറച്ചു.
നോട്ട്നിരോധനവും പ്രളയവും നിപ്പയും ഓഖിയുമെല്ലാം നൽകിയ തിരിച്ചടിയിൽ നിന്ന് കരകയറാൻ പറ്റാത്ത കോവളത്തിന് സഞ്ചാരികൾ കുറഞ്ഞത് കൂടുതൽ പ്രഹരമായി.