കോവളം: കോവളം ബൈപാസിൽ അപകടം ക്ഷണിച്ചുവരുത്തുന്ന തരത്തിൽ റോഡിന്റെ വലതുവശത്തെ സ്പീഡ് ട്രക്കിൽ വാഹനം പാർക്ക് ചെയ്ത് നിയമലംഘകരെ പിടികൂടി പിഴയീടാക്കുന്ന പോലീസ് നടപടിക്കെതിരെ പ്രതിഷേധമുയരുന്നു. ബൈപാസിൽ വാഴമുട്ടത്തിനടുത്തായി ഇന്റർസെപ്റ്റർ ജീപ്പ് നിർത്തിയുള്ള പോലീസുകാരുടെ നടപടിയാണ് വിവാദമാകുന്നത്.
ഗതാഗത നിയമം ലംഘിച്ച് ഇതുവഴി യാത്ര ചെയ്യുന്ന വാഹനങ്ങളെ പിടികൂടി പിഴയീടാക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യുന്ന പോലീസാണ് വൺവേ ഗതാഗതമുള്ള ബൈപാസിൽ ഗതാഗത നിയമ ലംഘിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
വൺവേ ഗതാഗതമുള്ള ബൈപാസിന്റെ മധ്യത്തുള്ള ഡിവൈഡറിലെ തണൽ പറ്റി നിന്നുകൊണ്ട് ഇരുവശത്തു നിന്നും സ്പീഡ് ട്രാക്കിലൂടെ വരുന്ന വാഹനങ്ങളെ തടഞ്ഞ് നിറുത്തുന്നതാണ് അപകടഭീഷണി ഉയർത്തുന്നത്. നിയമപാലകർ തന്നെ നിയമം ലംഘിച്ച് നടത്തുന്ന വാഹന പരിശോധന ഉത്തരവാദിത്വപ്പെട്ടവർ കണ്ടമട്ടില്ല.
പോലീസിലെ ഉന്നതരും മന്ത്രിമാരുമൊക്കെ മിക്കവാറും കടന്നുപോകുന്ന റോഡിലാണ് ഗതാഗത നിയമ ലംഘിച്ചുള്ള വാഹന പരിശോധന നടക്കുന്നത്. പോലീസുകാർ ഇരുവശത്തെയും റോഡ് ക്രോസ് ചെയ്ത് പിടികൂടുന്ന വാഹനങ്ങളിലെ യാത്രക്കാരും വാഹനം നിറുത്തിയിട്ട് രേഖകളുമായി സ്പീഡ് ട്രാക്കുള്ള റോഡ് മുറിച്ചു കടന്നുവേണം ബൈപാസിന്റെ മധ്യഭാഗത്തെ ഡിവൈഡറിലെ തണൽ പറ്റി നില്ക്കുന്ന ചുമതലപ്പെട്ട ഉദ്യോഗസ്ഥനെ കാണേണ്ടത്.
ഇതും ഏറെ അപകടം വിളിച്ചുവരുത്തുമെന്ന ആശങ്കയാണ് ഉയരുന്നത്. നിയമം പാലിച്ച് മറ്റുള്ളവർക്ക് മാതൃകയാകേണ്ടവരാണ് ഗതാഗത നിയമം പാടെ അവഗണിച്ച്അപകടാവസ്ഥ സൃഷ്ടിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. ഏറെ തിരക്കുള്ള ബൈപാസിലെ നിയമ പാലകരുടെ നിയമലംഘനത്തിനെതിരെ പ്രതിഷേധമുയർന്നതിനെ തുടർന്ന് കുറച്ച് ദിവസം പരിശോധന റോഡിന്റെ ഇടതുവശത്തേക്ക് മാറ്റിയിരുന്നു.
എന്നാൽ ഇപ്പോൾ കാര്യങ്ങൾ പഴയപടിയിൽ തന്നെ തുടരുന്നു. വലിയ അപകടത്തിനിടയാക്കാവുന്ന നിയമലംഘനം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.