വിഴിഞ്ഞം: കോവളം ബീച്ച് കാണാനെത്തിയ യുവതി കടലിൽ ചാടി ആത്മഹത്യാശ്രമം നടത്തി. വെള്ളം കുടിച്ച് അവശയായ യുവതിയെ ലൈഫ് ഗാർഡുമാർ സാഹസപ്പെട്ട് രക്ഷപ്പെടുത്തി.
ഇന്നലെ വൈകുന്നേരം മൂന്നോടെ കോവളം ഹൗവ്വ ബീച്ചിലാണ് സംഭവം.
നരുവാമൂട് സ്വദേശിനിയാണ് കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമം നടത്തിയത്. ബീച്ചിൽ ഉച്ചയോടെ ഒറ്റയ്ക്ക് എത്തിയ യുവതി കടൽക്കരയിൽ ഏറെ നേരം വിഷാദമായി നിൽക്കുന്നത് സമീപത്തെ കച്ചവടക്കാർ ശ്രദ്ധിച്ചിരുന്നു.
അധികം താമസിയാതെ യുവതി കടലിനുള്ളിലേയ്ക്ക് നടന്നു നീങ്ങുകയും തിരയിൽ മുങ്ങിത്താഴുകയും ചെയ്തു. ഉടൻ തന്നെ കച്ചവടക്കാരും ടൂറിസം പോലീസും ലൈഫ് ഗാർഡുകളും ഓടിയെത്തി യുവതിയെ രക്ഷപ്പെടുത്തി.
കടൽവെള്ളം കുടിച്ച് ബോധരഹിതയായ യുവതിയെ ഉടൻ വിഴിഞ്ഞം സിഎച്ച്സിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയും ചെയ്തു. തുടർന്ന് ബന്ധുക്കളെ വിളിച്ചു വരുത്തി. യുവതി അപകടനില തരണം ചെയ്തതായി കോവളം പോലീസ് പറഞ്ഞു.