തിരുവനന്തപുരം: കോവളം വാഴമുട്ടം തുപ്പനത്ത്കാവ് രാജരാജേശ്വരി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചയാൾ പിടിയിൽ. തിരുവല്ലം പോലീസാണ് പിടികൂടിയത്. മണക്കാട് കമലേശ്വരം സ്വദേശിയായ അഭിഷേകാണ് (24) പിടിയിലായത്.
ഇയാൾ ശനിയാഴ്ച രാവിലെ 10.30ന് ക്ഷേത്രത്തിന്റെ മുന്നിലെ പ്രധാന കാണിയ്ക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ഇത് കണ്ട സമീപവാസിയായ വയോധികൻ യുവാവിനെ തടയാൻ ശ്രമിച്ചു. എന്നാൽ ഇയാൾ വയോധികനെ തല്ലി താഴെയിട്ടു.
ഇതിനിടയിൽ മറ്റൊരു കേസിലെ തുടർനടപടികൾക്കായി പ്രദേശത്ത് എത്തിയ തിരുവല്ലം പോലീസ് എസ്എച്ച്ഒ ഫയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമീപവാസിയുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. എസ്ഐമാരായ ബിജു, ഡി. മോഹനചന്ദ്രൻ, രാധാകൃഷ്ണൻ, ഡ്രൈവർ സജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.