വിഴിഞ്ഞം: യുട്യൂബിൽ പ്രചരിപ്പിക്കാൻ ബൈക്കുകളിൽ മത്സരയോട്ടം നടത്തിയ ഒന്പതംഗ സംഘത്തെ പോലീസ് പിടികൂടി.
കോവളം ബൈപാസിൽ കല്ലുവെട്ടാൻ കുഴിയിൽ ഇന്നലെ ഉച്ചയോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ബൈക്കുകളിൽ സംഘമെത്തിയത്.
മത്സരയോട്ടത്തിന് മോഡിഫിക്കേഷൻ വരുത്തി കൊണ്ടു വന്ന ഏഴ് ബൈക്കുകളും ഒരു ആഡംബര കാറും കസ്റ്റഡിയിൽ എടുത്തു.
പോലീസും നാട്ടുകാരും തിരിച്ചറിയാതിരിക്കാൻ ബൈക്കുകളിൽ നമ്പർ പ്ലേറ്റുകളും മാറ്റിയിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനനുസരിച്ച് പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ വിഴിഞ്ഞം സിഐ ജി.രമേഷ് , എസ്ഐ പി. ശ്രീജിത്ത്, പോലീസുകാരായ അജികുമാർ, കൃ ഷ്ണകുമാർ ,സുധീർ എന്നിവർ ചേർന്ന് പിടികൂടി.
കഴക്കൂട്ടം കാരോട് ബൈപാസിൽ കോവളം വരെയുള്ള ഒന്നാം ഘട്ടം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് നൽകിയിരുന്നു.
എന്നാൽപണി പൂർത്തിയായെങ്കിലും അടച്ചിട്ടിരിക്കുന്ന കോവളം മുതൽ തലക്കോടു വരെയുള്ള റോഡ് സാമൂഹ്യ വിരുദ്ധർ താവളമാക്കിയതായി നേരത്തെയും പരാതി ഉയർന്നിരുന്നു.
വൈകുന്നേരം നടക്കാനിറങ്ങിയ യുവാവ് മരണപ്പാച്ചിലുകാരുടെ ബൈക്കിടിച്ച് ആറ് മാസം മുൻപ് മരിച്ചതോടെയാണ് കർശന നടപടിയുമായി പോലീസ് രംഗത്തെത്തിയത്. ബൈക്കുകളുമായി വന്ന നിരവധി പേരെ അന്ന്പിടികൂടി കേസെടുത്തു.
ഒടുവിൽനിയമ ലംഘകരെ തടയാൻ ഉയരത്തിൽ മണ്ണിട്ട് റോഡ് അടച്ചു. എന്നാൽ ബൈപാസിന്റെ അറ്റകുറ്റപ്പണികൾക്കായി വാഹനങ്ങൾ കൊണ്ടുപോകാൻ ഒരാഴ്ച മുൻപ് കല്ലുവെട്ടാൻ കുഴിക്ക് സമീപത്തെ തടസം അധികൃതർ മാറ്റി.
ഇത് മുതലെടുത്താണ് ബൈക്ക് റെയ്സിംഗ് സംഘം വീണ്ടുംരംഗത്തെത്തിയത്. പിടിച്ചെടുത്ത ബൈക്കുകൾ കോടതിയിൽ ഹാജരാക്കുമെന്ന് എസ്ഐ അറിയിച്ചു.