കോട്ടയം/ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെയും കുഞ്ഞിന്റെയും കോവിഡ് പരിശോധനാ ഫലം ഇന്നു ലഭിക്കും.
കുവൈറ്റ്-കൊച്ചി വിമാനത്തിൽ കഴിഞ്ഞ ഒന്പതിന് എത്തിയ കുഞ്ഞിന് ആദ്യം പരിശോധന ഫലം പോസിറ്റീവായതോടെയാണു മെഡിക്കൽ കോളജിലേക്കു മാറ്റിയത്. തുടർന്നു നടത്തിയ പരിശോധനയിൽ ഗർഭിണിയുമായ 29 കാരിയായ യുവതിയുടെ ഫലവും പോസിറ്റീവായി.
രണ്ടു വയസുള്ള കുട്ടിക്കു കഴിഞ്ഞ ദിവസം വയറിളക്കം അനുഭവപ്പെട്ടു. ജില്ലയിലെ 33 ക്വാറന്റൈൻ കേന്ദ്രങ്ങളിലായി പൊതുസന്പർക്കം ഒഴിവാക്കി നിരീക്ഷണത്തിൽ കഴിയുന്നത് 445 പേർ. ഇതിൽ 320 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും 125 പേർ വിദേശ രാജ്യങ്ങളിൽനിന്നും വന്നവരാണ്.
കോട്ടയം കളത്തിപ്പടി ക്രിസ്റ്റീൻ സെന്ററിലാണ് ഏറ്റവുമധികമാളുകൾ താമസിക്കുന്നത്. ഇവിടെയുള്ള 58 പേരിൽ വിദേശത്തുനിന്നുള്ള 35പേരും മറ്റു സംസംസ്ഥാനങ്ങളിൽനിന്നുള്ള 23 പേരും ഉൾപ്പെടുന്നു.
കോതനല്ലൂർ തൂവാനിസ റിട്രീറ്റ് സെന്റർ, ചൂണ്ടച്ചേരി സെന്റ് അൽഫോൻസ ഹോസ്റ്റൽ, തെങ്ങണ ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്കൂൾ എന്നിവയാണു താമസക്കാർ കൂടുതലുള്ള മറ്റു കേന്ദ്രങ്ങൾ
കോട്ടയം-12, ചങ്ങനാശേരി-അഞ്ച്, മീനച്ചിൽ-നാല്, വൈക്കം-അഞ്ച്, കാഞ്ഞിരപ്പള്ളി-ഏഴ് എന്നിങ്ങനെയാണ് ക്വാറന്റൈൻ കേന്ദ്രങ്ങളുടെ താലൂക്കു തിരിച്ചുള്ള കണക്ക്.
മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർ വീടുകളിൽ ക്വാറന്റൈനിൽ കഴിയണമെന്ന് നിർദേശമുള്ളതിനാൽ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മാത്രമാണ് ഈ വിഭാഗത്തിൽ പെടുന്നവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ താമസിപ്പിക്കുന്നത്.
വിദേശത്തുനിന്നു മേയ് ഏഴു മുതൽ 16 വരെ 17 വിമാനങ്ങളിലും രണ്ടു കപ്പലുകളിലുമായി 283 പേരാണ് ജില്ലയിലെത്തിയത്. ഇതിൽ 91 പേർ ഗർഭിണികളാണ്.
ഇവരും പ്രായമായവരും കുട്ടികളും ഉൾപ്പെടെ 144 പേർ ഹോം ക്വാറന്റൈനിലാണ്. ബാക്കിയുള്ള 139 പേരിൽ 14 പേർ പ്രസവവുമായി ബന്ധപ്പെട്ടും മറ്റ് ആരോഗ്യപ്രശ്നങ്ങൾ മൂലവും ആശുപത്രികളിൽ കഴിയുന്നു.