ടെഹറാൻ/ദുബായ്/ന്യൂയോർക്ക്: കോവിഡ്-19 (കൊറോണ വൈറസ്) ബാധ ഇറാനിൽ നേരത്തേ അറിവായതിലും വളരെ കൂടുതലെന്നു സൂചന.
ഇറാനിൽ പതിനായിരക്കണക്കിനു പേർക്കു രോഗപരിശോധന നടത്തേണ്ടിവരുമെന്ന് ഇറേനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസ്യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഇറാനിൽ 210 പേർ രോഗംമൂലം മരിച്ചെന്ന ബിബിസി റിപ്പോർട്ട് സർക്കാർ നിഷേധിച്ചു. 43 മരണവും 593 രോഗബാധയുമാണ് ഇറാൻ പറയുന്ന കണക്കിലുള്ളത്.
ഇതിനിടെ വിദേശയാത്രയോ പ്രത്യക്ഷമായ രോഗീസന്പർക്കമോ ഇല്ലാത്ത മൂന്നുപേർക്ക് അമേരിക്കയിൽ രോഗബാധ കണ്ടു. പടിഞ്ഞാറൻ തീരത്തെ കലിഫോർണിയ, ഒരേഗൺ, വാഷിംഗ്ടൺ സംസ്ഥാനങ്ങളിലാണ് ഇവ.
വടക്കൻ കലിഫോർണിയയിൽ ഒരു വയോധിക, വാഷിംഗ്ടൺ സംസ്ഥാനത്ത് ഒരു ഹൈസ്കൂൾ വിദ്യാർഥി, ഒരേഗണിൽ ഒരു സ്കൂൾ ജീവനക്കാരൻ എന്നിവർക്കാണ് ഇങ്ങനെ രോഗം ബാധിച്ചത്.
ദക്ഷിണകൊറിയയിൽ രോഗം ഏറ്റവുമധികം ബാധിച്ച ഡേഗൂവിൽ പോയിവന്ന ഒരു അന്പതുകാരിയുടെ രോഗബാധയും വാഷിംഗ്ടൺ സംസ്ഥാനത്തുണ്ട്.
ഇവരിൽ മൂന്നുപേരുടെ രോഗബാധ കോവിഡ്-19 മൂലമാണെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സ്ഥിരീകരിച്ചിട്ടില്ല.
എന്നാൽ രോഗികളുമായി സന്പർക്കമോ വിദേശയാത്രയോ ഇല്ലാത്ത കലിഫോർണിയയിലെ രോഗിയിൽ വൈറസ് സ്ഥിരീകരിച്ചു. സന്പർക്കത്തിലൂടെയല്ലാതെ രോഗം ബാധിക്കുന്നു എന്ന നിലയിൽ ഈ രോഗിയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
ഇറാനിൽ ഇന്നലെ രോഗബാധിതരുടെ സംഖ്യ 150 ശതമാനം വർധിച്ചു. ഇന്നലെ മാത്രം 205 പേരിൽ രോഗം സ്ഥിരീകരിച്ചു. 15 ലബോറട്ടറികളിൽ പരിശോധനാസൗകര്യം ഏർപ്പെടുത്തിയതുകൊണ്ടാണു രോഗബാധ സ്ഥിരീകരിക്കപ്പെടുന്നതു കൂടിയത് എന്നാണു വിശദീകരണം.
ഇറാനിലെ ക്വോമിൽ ഈയിടെ ഒരു ഷിയാ മുസ്ലിം സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ രോഗം മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കു പടർത്തി എന്നാണു കരുതപ്പെടുന്നത്.
ഇറാനിൽ പൊതു ചടങ്ങുകൾ പരമാവധി ഒഴിവാക്കാൻ നിർദേശം നല്കിയിട്ടുണ്ട്. വെള്ളിയാഴ്ചത്തെ മതചടങ്ങുകളും ഈയാഴ്ച ഒഴിവാക്കി.