മലപ്പുറം: കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നെത്തി വീടുകളിൽ രണ്ടാഴ്ചത്തെ ഐസൊലേഷന് തയാറാകാത്തവർക്കെതിരെ കേസടക്കം കർശന നടപടികളുമായി പോലീസ്.
പകർച്ചവ്യാധി മുന്നറിയിപ്പുകളിൽ അശ്രദ്ധമായി പെരുമാറിയതിനും മന:പൂർവം ലംഘിച്ചതിനും ഐപിസി 269, 270 പ്രകാരവും ഉന്നതാധികാരികളുടെ നിർദേശം ലംഘിച്ചതിന് കേരള പോലീസ് ആക്ടിലെ 122 വകുപ്പ് പ്രകാരവും കേസെടുക്കും.
മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കുകയോ അല്ലെങ്കിൽ ആശുപത്രിയിലെത്തിച്ച് ഡോക്ടറുടെ നിർദേശമനുസരിച്ചോ തുടർനടപടിയെടുക്കും. കൊറോണ ഭീതി ഒഴിയുംവരെ വിദേശത്തേക്ക് പോകാതിരിക്കാൻ പാസ്പോർട്ട് കണ്ടുകെട്ടി കോടതിയിൽ ഹാജരാക്കും.
ഗൾഫിൽ നിന്നെത്തിയ ശേഷം വീട്ടിൽ ഐസൊലേഷന് തയാറാവാതെ കോഴിക്കോട്ടേക്ക് കാറിൽ പോയ നിലന്പൂർ സ്ത്രീക്കെതിരെ ഇന്നലെ പോലീസ് കേസെടുത്തു. മുക്കം വഴിയെത്തിയ ഇവരെ അരീക്കോട് വച്ച് പിടികൂടിയ ശേഷം ആശുപത്രിയിലെത്തിച്ചു.
ഐസൊലേഷൻ പാലിച്ചില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഐസൊലേഷൻ ലംഘിച്ച ചിലർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
വരുംദിവസങ്ങളിൽ നടപടി ശക്തമാക്കും. വിദേശങ്ങളിൽ നിന്നെത്തിയവരുടെ വീടുകളിലെത്തി ഐസൊലേഷന്റെ ആവശ്യകത പോലീസ് ഇതിനകംതന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇതിനുശേഷവും പലരും വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതാണ് നടപടി ശക്തമാക്കാൻ കാരണം.
കരിപ്പൂരിൽ ഒരുദിവസം 2,500ഓളം യാത്രക്കാർ പറന്നിറങ്ങുന്നുണ്ട്. ഇതിൽ നല്ലൊരുപക്ഷവും മലപ്പുറം ജില്ലക്കാരാണ്. കൊറോണ സ്ഥിരീകരിച്ച ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തുന്നവരാണ് അധികവും. ഉംറ തീർഥാടകരുടെ എണ്ണവും ജില്ലയിൽ കൂടുതലാണ്.
കഴിഞ്ഞ ദിവസം കാസർഗോഡ് കൊറോണ സ്ഥീരീകരിച്ച ഉംറ തീർഥാടകയെത്തിയത് കരിപ്പൂർ വിമാനത്താവളം വഴിയായിരുന്നു. ഇവർ സഞ്ചരിച്ച വിമാനത്തിലെ 166 യാത്രക്കാരിൽ 56 പേർ മലപ്പുറം ജില്ലക്കാരാണ്.
ഇന്നലെ രാത്രിയോടെ ഈ യാത്രക്കാരെയെല്ലാം പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. രോഗ ലക്ഷണങ്ങളില്ലെങ്കിലും വീട്ടിൽ രണ്ടാഴ്ച്ചത്തെ ഐസൊലേഷൻ നിർദേശിച്ചു.
പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പ് ജീവനക്കാരും പോലീസിനൊപ്പമുണ്ട്. യാത്ര ചെയ്ത് പരിചയമില്ലാത്തവരും പ്രായമേറിയവരുമാണ് ഉംറ തീർഥാടകരിൽ ഭൂരിഭാഗവും.
കൊറോണയെ നിയന്ത്രിക്കാൻ സർക്കാരെടുക്കുന്ന നടപടികളും നിബന്ധനകളും സംബന്ധിച്ച ഇവരുടെ അജ്ഞതയും വെല്ലുവിളിയാകുന്നുണ്ട്. ബഹ്റൈനിൽ മലയാളിക്ക് കൊറോണ സ്ഥീരികരിച്ചെന്ന വിവരത്തിന് പിന്നാലെ പ്രവാസികൾ ഏറെയുള്ള ജില്ലയിൽ ആശങ്കയേറുകയാണ്.
ആരാധനാലയങ്ങളിലെ ആൾക്കൂട്ടം തടയാൻ വരുംദിവസങ്ങളിൽ പോലീസ് നടപടിയെടുക്കും. വെള്ളിയാഴ്ചയിലെ ജുമുഅ, ഞായറാഴ്ച്ചയിലെ പ്രാർഥന, ചെറുഉത്സവങ്ങളൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം കൂടുന്നത് തടയും. സർക്കാർ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും.
65 വയസിന് മുകളിലുള്ളവരും 15 വയസിന് താഴെയുള്ളവരും ഇവിടങ്ങളിലേക്ക് വരാൻ പാടില്ല. ഇപ്പോഴും പലരും ഗൗരവം ഉൾക്കൊള്ളുന്നില്ല. ഐസൊലേഷന് നിർബന്ധമാക്കിയ ചിലർ പുറത്തിറങ്ങി നടക്കുന്നുണ്ട്. പലവട്ടം ബോധവത്ക്കരണമേകിയിട്ടുണ്ട്.
പോലീസ് നടപടികൾ ശക്തമാക്കുമെന്നു ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു.