ചവറ : കരിമണൽ ഖനനത്തിനായി കെഎംഎംഎൽ കുടിയാഴിപ്പിച്ച ചവറ കോവിൽ തോട്ടം പ്രദേശം സംസ്ഥാന മനുഷ്യാവകാശകമ്മിഷൻ അംഗം വി കെ. മീനാകുമാരി സന്ദർശിച്ചു. പ്രദേശത്തു ജനങ്ങൾക്ക് അധിവസിക്കാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ആരോപിച്ചു പരാതി ലഭിച്ചിരുന്നു.
ഇതിനെ തുടർന്നാണ് കമ്മിഷൻ എത്തിയത്. ഖനനത്തിനായി ഭൂമിയേറ്റെടുക്കുമ്പോൾ ഉറപ്പു നൽകിയ പുന:രധിവാസം കമ്പനി നടപ്പാക്കിയില്ല. ഖനനത്തെ തുടർന്ന് വലിയ ഗർത്തങ്ങൾ രൂപം കൊണ്ടിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
സ്ഥലം സന്ദർശിച്ച കമ്മീഷൻ ഐആർഇ ഗസ്റ്റ് ഹൗസിൽ എംഎംഎൽ അധികൃതരുമായി ചർച്ച നടത്തി. സന്ദർശനത്തിൽ പ്രദേശത്ത് മനുഷ്യത്വ ധ്വംസനം നടന്നിട്ടുള്ളതായി കമീഷൻ വിലയിരുത്തി.
കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിൽ ഇപ്പോൾ വിതരണം ചെയ്യുന്നതിന്റെ ഇരട്ടി കുടിവെള്ളം വിതരണം ചെയ്യുവാനും, പുലിമുട്ട് നിർമ്മിക്കുവാനും ധാരണയായതായിട്ടാണ് സൂചന .
ഖനനം മൂലം രൂപപ്പെട്ട ഗർത്തങ്ങൾ നികത്തുന്നതിന് തൊഴിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ലേബർ കമ്മീഷനുമായി ചർച്ച നടത്തി പരിഹാരം കാണുമെന്നും കമ്മീഷൻ പറഞ്ഞു.
24 ന് ആശ്രാമം ഗസ്റ്റ് ഹൗസിൽ പരാതിക്കാർ, ലേബർ കമ്മീഷൻ, കമ്പനി അധികൃതർ എന്നിവരുമായി ചർച്ച നടത്തി അന്തിമ തീരുമാനത്തിലെത്തുമെന്നാണ് വിവരം . രജിസ്റ്റാർ ജി.എസ്. ആശ, പ്രൈവറ്റ് സെക്രട്ടറി പി.എസ്.രഘു, ലീഗൽ ഓഫീസർ സുരേഷ് വണ്ടന്നൂർ എന്നിവരും കമ്മീഷനൊപ്പം ഉണ്ടായിരുന്നു.
കെഎംഎംഎൽ എച്ച്ഒഡി എം.എസ്. ശ്രീകുമാർ, വെൽഫെയർ മാനേജർ എ.എം. സിയാദ്, ഡപ്യൂട്ടി മാനേജർ സി.പി. ഹരിലാൽ, ടോണി, രൂപതാ പ്രതിനിധി മോൺസിങ്ങോർ വിൻസന്റ് മച്ചാട്, ഇടവക വികാശി ഫാ. ആബേൽ ലൂഷ്യസ് എന്നിവരും ഉണ്ടായിരുന്നു.
ഐക്യ കർഷകസംഘം