കൊച്ചി: ലക്ഷദ്വീപ് യാത്രയ്ക്കായി രാഷ്ട്രപതി രാംനാഥ് കോവിന്ദും ആയുർവേദ ചികിത്സക്കായി ബിജെപി നേതാവും മുൻ ഉപപ്രഥാനമന്ത്രിയുമായ എൽ.കെ. അദ്വാനിയും ഇന്ന് കേരളത്തിലെത്തും. വ്യോമസേനാ വിമാനത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.05നാണു വില്ലിങ്ഡൻ ദ്വീപിലെ ഐഎൻഎസ് ഗരുഡ നേവൽ എയർസ്റ്റേഷനിൽ രാഷ്ട്രപതി എത്തുക.
അദേഹം ഇന്നു വൈകിട്ട് വേന്പനാട്ട് കായലിൽ ഉല്ലാസയാത്ര നടത്തും. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷന്റെ നെഫർറ്റിറ്റി’ ഉല്ലാസനൗകയിലാണു യാത്ര. വൈകിട്ട് 5.30 മുതൽ 6.30 വരെയാണു യാത്ര നിശ്ചയിച്ചിരിക്കുന്നത്. സൂര്യാസ്തമയം കണ്ടശേഷം രാഷ്ട്രപതി വില്ലിംഗ്ടൻ ദ്വീപിലെ താജ് വിവാന്ത ഹോട്ടലിലേക്കു മടങ്ങും. നാളെ രാവിലെ 9.50നു വ്യോമസേനാ വിമാനത്തിൽ ലക്ഷദ്വീപിലേക്കു തിരിക്കും.
ഒൻപതിന് രാവിലെ 11.45നു ഗരുഡയിൽ തിരിച്ചെത്തുന്ന രാഷ്ട്രപതി 12.05ന് ന്യൂഡൽഹിക്കു മടങ്ങും.ആയൂർവേദ ചികിത്സയ്ക്കായാണ് എൽ.കെ. അദ്വാനി ഇന്ന് കേരളത്തിൽ എത്തുന്നത്. വൈകിട്ട് 6.50 ന് നെടുന്പാശേരിയിൽ വിമാനമിറങ്ങുന്ന അദ്വാനി കണ്ടെയ്നർ റോഡുവഴി നഗരത്തിലൂടെ വെല്ലിംഗ്ഡൻ ഐലന്റിലെത്തും.
വെല്ലിംഗ്ഡൻ ഐലന്റിലെ കാസിനോ ഹോട്ടലിലാണ് അദ്ദേഹത്തിന് വിശ്രമം ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ ചികിത്സയ്ക്കായി ഇടുക്കിയിലേക്ക് പുറപ്പെടും.