രാജീവ് . ഡി പരിമണം
കൊല്ലം: മുന്നണി എത്ര അവഗണിച്ചാലും തനിക്ക് നിരാശയില്ലെന്നും എൽ ഡി എഫിനൊപ്പം എന്നും നിൽക്കുമെന്നും കോവൂർ കുഞ്ഞുമോൻ എംഎൽഎ രാഷ്ട്ര ദീപികയോട് പറഞ്ഞു. മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിലും ബോർഡോ കോർപറേഷൻ സ്ഥാനങ്ങളോ പരമാവധി നേടി പാർട്ടി പ്രവർത്തകർക്ക് നൽകാനാണ് കോവൂർ കുഞ്ഞുമോന്റെ തീരുമാനം.
ഇക്കുറി തന്നെ മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുമെന്ന് കുന്നത്തൂർ എം എൽ എ കോവൂർ കുഞ്ഞുമോൻ പ്രതീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഡെപ്യൂട്ടി സ്പീക്കർ സ്ഥാന മെങ്കിലും ലഭിക്കുമെന്ന് കരുതിയെങ്കിലും അതും ലഭിച്ചില്ല.
ആർ എസ് പി ലെനിനിസ്റ്റ് പാർട്ടി രൂപീകരിച്ച് ആർ എസ് പിയോട് വിട പറഞ്ഞ കുഞ്ഞുമോന്റെ മനസ് ഇടതുപക്ഷ ചിന്താഗതികളോടാണ്. കുന്നത്തൂരിൽ കഴിഞ്ഞ രണ്ടുതവണയും ആർ എസ് പി സ്ഥാനാർഥിയെ തന്നെയാണ് തറപറ്റിച്ചത്.
അഞ്ചാം തവണയാണ് കുഞ്ഞുമോൻ നിയമസഭയിലെത്തുന്നത്. തനിക്ക് അർഹമായ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് കുഞ്ഞുമോൻ എൽ ഡി എഫ് നേതൃത്വത്തിന് നേരത്തെ കത്ത് നൽകിയിരുന്നു.
പരിഗണിക്കാമെന്ന ഉറപ്പും ലഭിച്ചിരുന്നു. ഇതുവരെ സിപിഎം നേതൃത്വത്തിന്റെയോ, മുഖ്യമന്ത്രിയുടെയോ ഒരു വിളി പോലും വന്നില്ലെന്നും കുഞ്ഞുമോൻ പറയുന്നു.
കുന്നത്തൂരിലെ ജനങ്ങളും പാർട്ടി പ്രവർത്തകരും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ഇക്കുറി കുന്നത്തുരിന് ഒരു മന്ത്രി വരുമെന്ന് നാട്ടിലെ ജനങ്ങളും പരക്കെ പറഞ്ഞിരുന്നു.
ഒരു പ്രതിപക്ഷ എം എൽ എ ക്ക് കിട്ടുന്ന പരിഗണന പോലും കുഞ്ഞുമോന് ലഭിക്കാത്തതിൽ നാട്ടുകാർക്കും പാർട്ടി പ്രവർത്തകർക്കും നിരാശയുണ്ട്. എൽ ഡി എഫ് ഘടക കക്ഷി ആകാതിരുന്നതാണ് കുഞ്ഞു മോന് തിരിച്ചടിയായത്.