ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് പരത്തുന്നതില്‍ ചെന്നൈയിലെ കോയമ്പേട് ഹോള്‍സെയില്‍ മാര്‍ക്കറ്റ് പ്രധാന പങ്കുവഹിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് താത്കാലികമായി അടച്ചിട്ടു.
295 ഏക്കര്‍ വസ്തൃതിയുള്ള പച്ചക്കറി, പഴങ്ങള്‍, പൂക്കള്‍ എന്നിവയുടെ കച്ചവടത്തിന് പ്രശസ്തമായ ഈ മാര്‍ക്കറ്റ് തമിഴ്നാട്ടിലെ എല്ലാ ഭാഗങ്ങളിലേക്കും കോവിഡ് വാഹകരെ എത്തിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
ഇന്നലെ രോഗം സ്ഥിരീകരിച്ച 527 പേരില്‍ മിക്കവര്‍ക്കും ഈ മാര്‍ക്കറ്റുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ജോലിയന്വേഷിച്ചും ആയിരക്കണക്കിനു പേരാണ് ദിനവും ഇവിടെ എത്തുന്നത്.
രോഗവ്യാപനത്തില്‍ മാര്‍ക്കറ്റ് വില്ലനായി എന്നുറപ്പായതോടെ ഈ മാര്‍ക്കറ്റ് അടുത്തിടെ സന്ദര്‍ശിച്ച തമിഴകത്തെ വടക്കന്‍ ജില്ലയായ കുഡലൂര്‍ മുതല്‍ തെക്കേ അറ്റത്തെ ദിണ്ഡിഗല്‍ വരെയുള്ളവരും മാര്‍ക്കറ്റില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ ട്രക്കുകാരും ഇപ്പോള്‍ കോവിഡ് പരിശോധന നടത്തുന്ന തിരക്കിലാണ്.
കുഡലൂരില് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 122 കോവിഡ് കേസുകളില്‍ മിക്കതിനും കോയമ്പേട് ബന്ധം തെളിഞ്ഞിട്ടുണ്ട്. 450 ടെസ്റ്റ് റിസള്‍ട്ടുകള്‍ വരാനുമുണ്ട്. ഈ മാര്‍ക്കറ്റ് സന്ദര്‍ശിച്ച വില്ലുപുരം ജില്ലയിലെ 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഞായറാഴ്ച 33 പേരും പോസിറ്റീവായി. ദിണ്ഡിഗല്‍ ജില്ലയില്‍ മാര്‍ക്കറ്റ് ബന്ധമുള്ള രോഗികള്‍ 10 ആണ്. കൂടുതല്‍ പരിശോധനകള്‍ നടന്നു വരികയാണ്. മറ്റു ജില്ലകളില്‍ കോയമ്പേട് ബന്ധമുള്ളവരെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ കുഡലൂര്‍, തെങ്കാശി, വില്ലുപുരം, ദിണ്ഡിഗല്‍ എന്നീ ജില്ലകള്‍ റെഡ്സോണിലേക്ക് മാറി.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഇവ അടക്കം 14 ജില്ലകള്‍ ഓറഞ്ച് സോണിലായിരുന്നു. കോയമ്പേട് മാര്‍ക്കറ്റ് സന്ദര്‍ശിച്ച 459 പേരേയും അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയ 287 പേരേയും ക്വാറന്റൈൻ ചെയ്യാന്‍ വില്ലുപുരം അധികൃതര്‍ നാല് സെന്ററുകളാണ് തുറന്നിട്ടുള്ളത്.
കോയമ്പേടു മാര്‍ക്കറ്റ് സന്ദര്‍ശിച്ച തിരുപ്പൂര്‍, സേലം ജില്ലകളില്‍നിന്നുള്ളവര്‍ സ്വമേധയാ എത്തി പരിശോധനകള്‍ നടത്താന്‍ ഹൈല്പ്പ്ലൈന് നമ്പറുകള്‍ നല്‍കിയിരിക്കുകയാണ്.
കോയമ്പേട് മാര്‍ക്കറ്റ് അണുമുക്തമാക്കുന്ന തിരക്കിലാണ് അധികൃതര്‍. ഇവിടത്തെ വില്പന മറ്റു കേന്ദ്രങ്ങളിലേക്ക് താത്കാലികമായി മാറ്റി.ജയലളിത ആദ്യം മുഖ്യമന്ത്രിയായ1991 മുതല്‍ 96 വരെയുള്ള കാലത്താണ് ഈ മാര്‍ക്കറ്റ് ഇന്നത്തെ നിലയിലേക്ക് വളരുന്നത്. 3000 ത്തില്‍ അധികം പച്ചക്കറി, പൂ, പഴക്കടകളാണ് ഇവിടെയുള്ളത്.
ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഈ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചെന്നൈയില്‍ മുഴുവന്‍ അടച്ചിടല്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് ലക്ഷക്കണക്കിനു പേരാണ് ഒരു മുന്‍കരുതലും എടുക്കാതെ ഈ മാര്‍ക്കറ്റ് സന്ദര്‍ശിച്ചത്.
ഇത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്നലത്തെ കണക്കനുസരിച്ച് തമിഴ്നാട്ടിലെ ആകെ കോവിഡ് കേസുകള്‍ 3550 ആണ്. 31 പേർ മരിച്ചിട്ടുണ്ട്.