അഗളി: എട്ടു പതിറ്റാണ്ടിലേറെ കാലം അട്ടപ്പാടിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉജ്ജ്വല പോരാട്ടം നടത്തിയ സിപിഐ നേതാവായിരുന്ന കോയമൂപ്പനോട് പാർട്ടി അനാദരവ് കാട്ടിയെന്ന് ആക്ഷേപം ഉയർന്നു . അട്ടപ്പാടിയിൽ ഏറ്റവും കൂടുതൽ കാലം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനായി പ്രവർത്തിച്ചയാളായിരുന്നു കോയമൂപ്പൻ .
അദ്ദേഹത്തിന്റെ മരണം അട്ടപ്പാടിക്കാർ അറിയുന്നതിന് മുന്പ് തന്നെ സംസ്കാരം നടത്തിയതിലാണ് വ്യാപകമായ ആക്ഷേപം ഉയർന്നിട്ടുള്ളത്. വെള്ളിയാഴ്ച്ച പുലർച്ചെ 1:30 ന് മരണമടഞ്ഞ കോയമൂപ്പന്റെ മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മുന്പായി തന്നെ സംസ്കരിക്കുകയായിരുന്നു .
അട്ടപ്പാടിയിലെ വിദൂര ഉൗരുകളിലൊന്നായ മേലെ മഞ്ചിക്കണ്ടി ഉൗരിലായിരുന്നു കോയമൂപ്പന്റെ വീട്. മരണം പുറത്തറിഞ്ഞത് തന്നെ ഉച്ചക്ക് ശേഷമായിരുന്നു. അതുകൊണ്ട് തന്നെ മഞ്ചിക്കണ്ടി ഉൗരിലേക്ക് അട്ടപ്പാടിയിൽ നിന്നും പലർക്കും എത്തിച്ചേരാൻ കഴിഞ്ഞില്ല. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരുനോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനും അട്ടപ്പാടിയിലെ ഉൗര് നിവാസികൾക്കും വിവിധ പാർട്ടി പ്രവർത്തകർക്കും കഴിഞ്ഞില്ല .
35 വർഷം പുതൂർ പഞ്ചായത്ത് ഭരിച്ച പട്ടിക വർഗക്കാരനായ ആളായിരുന്നു കോയമൂപ്പൻ . അട്ടപ്പാടിയിലെ വികസനത്തിനായി നിരവധി സമരങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തിരുന്നു. ഇന്നുകാണുന്ന താവളം പാലത്തിനുവേണ്ടി പുഴയോരത്ത് നിരാഹാരം കിടന്നയാളാണ് ഇദ്ദേഹം. പാർട്ടിയുടെ അനിഷേധ്യ നേതാവായ കോയമൂപ്പന്റെ മൃതദേഹം പാർട്ടി ഓഫീസിലോ താവളം ജംഗ്ഷനിലോ പൊതുദർശനത്തിന് വെക്കാതെ ധൃതികൂട്ടി സംസ്കാരകർമ്മം നടത്തിയതിലാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്.