സ്വന്തം ലേഖകന്‍
കോഴിക്കോട്:എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനുവിന് ബിജെപി കോഴ നല്കിയ കേസില്‍ തെളിവായ ഫോണ്‍ സംഭാഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റേതുതന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബിജെപിയില്‍ വീണ്ടും പടയൊരുക്കും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വലിയ തോല്‍വി ഏറ്റുവാങ്ങുകയും സംഘടനാതലത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതിരിക്കുകയും ചെയ്തതോടെ നേതൃമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വം പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സംസ്ഥാന അധ്യക്ഷനെ പ്രതിക്കൂട്ടിലാക്കി കുറ്റപത്രം ഒരുങ്ങുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി .കെ.ജാനുവിന് ബിജെപി നേതാക്കള്‍ 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്.
10 ലക്ഷം രൂപ തിരുവനന്തപുരത്തെ ഹൊറൈസണ്‍ ഹോട്ടലില്‍ സുരേന്ദ്രന് നേരിട്ടും 25 ലക്ഷം രൂപ ബത്തേരി മണിമല ഹോംസ്റ്റേയില്‍ ബിജെപി നേതാവ് പ്രശാന്ത് മലവയലും നല്‍കിയെന്നായിരുന്നു പരാതി.
കേസില്‍ സുരേന്ദ്രനും ജാനുവും ഒന്നും രണ്ടും പ്രശാന്ത് മലവയല്‍ മൂന്നാം പ്രതിയുമാണ്. ക്രെം ബ്രാഞ്ച് പിടിച്ചെടുത്ത 14 ഉപകരണങ്ങളുടെയും പരിശോധനാ റിപ്പോര്‍ട്ട് ഫോറന്‍സിക് വിഭാഗം കൈമാറി.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ, കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കര്‍ എന്നിവര്‍ 25നും 26നും കേരളത്തില്‍ എത്തുന്നുണ്ട്.
ലോക്സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുള്‍പ്പെടെ ചര്‍ച്ചചെയ്യാനാണ് ഇവര്‍ കേരളത്തില്‍ എത്തുന്നത്. കേരളത്തില്‍ യാതൊരുവിധ പ്രതീക്ഷയും പകരുന്ന സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍.
രാഷ്ട്രീയ തന്ത്രത്തില്‍ മികവുപുലര്‍ത്തുന്ന പ്രകാശ് ജാവഡേക്കറെ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായി നിയമിച്ചതുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ കേന്ദ്രഘടകം മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നുവെന്നതിന്റെ സൂചനയാണ്.
വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷയായ കേരളത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നതാണ് ബിജെപി ദേശീയ നേതൃത്വം കരുതുന്നത്. ഡിസംബറില്‍ കെ.സുരേന്ദ്രന്റെ പ്രസിഡന്റ് കാലാവധി തീരും.
സ്ഥാനമാറ്റം വന്നാല്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്തുക എന്ന ചുമതലയും ദേശീയ നേതാക്കള്‍ക്കുണ്ട്.ദേശീയ പ്രസിഡന്റ് പദത്തില്‍ ജെ.പി.നഡ്ഡയും ഡിസംബറില്‍ കാലാവധി പൂര്‍ത്തിയാക്കും.
ദേശീയ പ്രസിഡന്റ് മാറുകയാണെങ്കില്‍ ഒപ്പം കാലാവധി തീരുന്ന സംസ്ഥാന പ്രസിഡന്റുമാരും മാറുന്നതാണ് ബിജെപി രീതി.