കുറവിലങ്ങാട്: ഗതാഗതത്തിരക്കേറിയ എംസി റോഡിലടക്കം വഴികാട്ടാന്‍ പോലീസ് സ്ഥാപിച്ച ബോര്‍ഡുകള്‍ മറച്ച് പൊതുമരാമത്തിന്റെ സൂചനാബോര്‍ഡുകള്‍. ഡിവൈഡറുകളില്‍ കയറി അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് പോലീസ് രംഗത്തിറങ്ങി നടപടികള്‍ സ്വീകരിച്ചത്.
കോഴാ ജംഗ്ഷനിലും കുറവിലങ്ങാട് സെന്‍ട്രല്‍ ജംഗ്ഷനിലും വാഹനങ്ങള്‍ക്ക് വഴിതെറ്റുന്നതു സാധാരണ സംഭവമായതോടെയാണ് പോലീസ് ദിശാബോര്‍ഡുകള്‍ സ്ഥാപിച്ചത്. പലയിടങ്ങളിലും ഇതു ഡിവൈഡറുകളുടെ ആരംഭഭാഗങ്ങളിലായിരുന്നു സ്ഥാപിച്ചത്.
പോലീസിന് ഇത്തരത്തില്‍ ഫണ്ടില്ലാത്തതിനാല്‍ സ്പോണ്‍സണ്‍മാരെ കണ്ടെത്തിയാണു ബോര്‍ഡുകള്‍ സ്ഥാപിച്ചത്.പോലീസ് ബോര്‍ഡുകള്‍ സ്ഥാപിച്ചതോടെ വഴിതെറ്റാനുള്ള സാധ്യതകള്‍ ഇല്ലാതായിരുന്നു. മുന്‍കൂട്ടി സ്ഥലം വ്യക്തമാക്കുന്നതോടെ ജംഗ്ഷനുകളില്‍ വാഹനങ്ങള്‍ കൃത്യമായി യാത്ര നടത്തിയിരുന്നു.
ഇതിനിടെ കഴിഞ്ഞദിവസമാണു പൊതുമരാമത്ത്, പോലീസിന്റെ ബോര്‍ഡുകള്‍ക്കു മുന്നിലായി റിഫ്ളക്ട് ചെയ്യുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങിയത്. ഈ ബോര്‍ഡുകള്‍ എത്തിയതോടെ പോലീസിന്റെ ബോര്‍ഡുകള്‍ പലതും വായിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്.
കൂടിയാലോചനകള്‍ നടത്തേണ്ട ഗതാഗത ഉപദേശകസമിതിയും റഗുലേറ്ററി സമിതിയും കടലാസില്‍ ഉറങ്ങുന്നുവെന്ന ആക്ഷേപങ്ങള്‍ ശരിവെയ്ക്കുന്നതാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെന്നു പലരും വിലയിരുത്തുന്നു.
പുതിയ ഗതാഗത ക്രമീകരണങ്ങളും പരിഷ്കാരങ്ങളും ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് ആലോചനകള്‍ നടത്തേണ്ട സമിതികള്‍ യോഗം ചേരാനോ തീരുമാനങ്ങള്‍ നടപ്പിലാക്കാനോ തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.