കോഴിക്കോട്: മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച്.
ഇടക്കാല റിപ്പോർട്ടിലാണ് ക്രൈംബ്രാഞ്ച് പുതിയ വകുപ്പ് ചുമത്തിയത്. പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ വകുപ്പും ചുമത്തി.
സുരേന്ദ്രൻ ഉൾപ്പെടെ ആറ് പേരാണ് കേസിൽ പ്രതികൾ. ബിഎസ്പി സ്ഥാനാർഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
കേസിൽ സുരേന്ദ്രനാണ് മുഖ്യപ്രതി. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബിജെപി മുൻ ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്ക്, കെ. മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് പ്രതികൾ.
സുന്ദര പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളായതിനാൽ എസ്സി-എസ്ടി വകുപ്പുകൾ കൂടി ചുമത്തണമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അന്വേഷണ സംഘത്തോട് നേരത്തെ നിർദേശിച്ചിരുന്നു.