ന്യൂഡൽഹി: ഐപിഎൽ കോഴ കേസുമായി ബന്ധപ്പെട്ട് ആജീവനാന്ത വിലക്കേർപ്പെടുത്തിയതിനെതിരേ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് നൽകിയ ഹർജിയിൽ ബിസിസിഐക്കും കേരള ക്രിക്കറ്റ് അസോസിയേഷനും സുപ്രീം കോടതി നോട്ടീസയച്ചു. ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടിയെ ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്. നാലാഴ്ചയ്ക്കകം ബിസിസിഐ മറുപടി നൽകണം.
അതേസമയം, ഐപിഎൽ ഒത്തുകളി വിവാദത്തിൽ ശ്രീശാന്തിനെതിരേ തെളിവുണ്ടെന്നു ബിസിസിഐ ഇന്നലെ സുപ്രീം കോടതിയിൽ വാദിച്ചു. ശ്രീശാന്തും കൂട്ടുകാരനായ ജിജു ജനാർദനനും പണം വാങ്ങുന്നതിനായി നടത്തിയ ഫോണ് സംഭാഷണം അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും ബിസിസിഐയ്ക്കു വേണ്ടി ഹാജരായ പരാഗ് ത്രിപാഠി ചൂണ്ടിക്കാട്ടി. എന്നാൽ, ഇതു കോടതി പരിഗണിച്ചില്ല. ഐപിഎൽ കോഴ കേസിന്റെ വിചാരണ പൂർത്തിയായിട്ടും താരങ്ങൾക്കെതിരേയുള്ള കുറ്റം കണ്ടെത്താനായിട്ടില്ലെന്നും ആറ് വർഷത്തിലേറെയായി കളിക്കാതെ ഇരിക്കുന്നത് നീതിനിഷേധമാണെന്നും ശ്രീശാന്തിനു വേണ്ടി ഹാജരായ സൽമാൻ ഖുർഷിദ് വാദിച്ചു. എത്രയും വേഗം വാദം കേട്ട് ഉത്തരവ് പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നു ശ്രീശാന്ത് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. നിലവിൽ കേസിന്റെ ഏതെങ്കിലും ഗുണദോഷങ്ങളിലേക്കു കടക്കുന്നില്ലെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്, നാലാഴ്ചയ്ക്കകം നോട്ടീസിനു മറുപടി നൽകാൻ നിർദേശിക്കുകയായിരുന്നു.
ഐപിഎൽ 2013 സീസണിൽ രാജസ്ഥാൻ റോയൽസിന്റെ കളിയിൽ ഒത്തുകളി നടന്നെന്ന് ആരോപിച്ച് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ശ്രീശാന്ത് അടക്കമുള്ള താരങ്ങൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്.
എന്നാൽ, ഇതു സംബന്ധിച്ച കേസിൽ വിചാരണ കോടതി കുറ്റവിമുക്തരാക്കിയതിനെ തുടർന്ന് വിലക്കിനെതിരേ നൽകിയ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ബിസിസിഐ നടപടികൾ റദ്ദാക്കി. പിന്നീട് ബിസിസിഐ നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതിനെതിരേയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.