കോഴഞ്ചേരി: കോഴഞ്ചേരിയിലെ സ്വകാര്യ ബസ് സ്റ്റാൻഡിന് ശാപമോക്ഷം. 21 ലക്ഷം രൂപ ചെലവില്‍ സ്റ്റാന്‍ഡിന്റെ നവീകരണ ജോലികള്‍ ആരംഭിച്ചു. വര്‍ഷങ്ങളായി തകര്‍ന്നുകിടന്നിരുന്ന ബസ് സ്റ്റാൻഡില്‍ പ്രതിദിനം നൂറിലധികം ബസുകളാണ് കയറിയിറങ്ങി പോകുന്നത്. 2014 ലാണ് സ്റ്റാൻഡിന്റെ അറ്റകുറ്റപ്പണികള്‍ ഗ്രാമപഞ്ചായത്ത് നിര്‍വഹിച്ചത്. എന്നാല്‍ മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും സ്റ്റാൻഡ് വീണ്ടും കുണ്ടും കുഴിയുമായി.
അതിനുശേഷം ഇപ്പോഴാണ് സ്റ്റാൻഡ് നവീകരണം പൂര്‍ണതോതില്‍ ഗ്രാമ, ബ്ലോക്കു പഞ്ചായത്തുകൾ ചേർന്നു നിര്‍വഹിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ 16 ലക്ഷം രൂപയും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും മെംബര്‍ ജെറി മാത്യു സാമിന്റെ ശ്രമഫലമായി അനുവദിച്ച അഞ്ചു ലക്ഷം രൂപയും ചേര്‍ത്തുള്ള തുക ഉപയോഗിച്ചാണ് നവീകരണ ജോലികള്‍ നടത്തുന്നത്. 20 ന് നവീകരണ ജോലികള്‍ പൂര്ത്തീകരിക്കുമെന്നാണ്പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
വര്‍ഷംതോറും 10 ലക്ഷം രൂപ ചെലവില്‍ റീ ടാറിംഗ് നടത്തുമായിരുന്നെങ്കിലും ഇതുകൊണ്ട് പ്രയോജനമൊന്നുമില്ലായിരുന്നു. ഇതിനെതുടര്‍ന്ന് ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സ്റ്റാൻഡില്‍ കോണ്‍ക്രീറ്റ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാർജ് എം.എസ്. പ്രകാശ് കുമാര്‍ പറഞ്ഞു.
നവീകരണ ജോലി നടക്കുന്നതിനാല്‍ വണ്ടിപ്പേട്ടയിലേക്കാണ് സ്റ്റാൻഡ് മാറ്റിയിരിക്കുന്നത്. ഏറെ സമയമുള്ള ബസുകള്‍ പഞ്ചായത്തിലെ സ്റ്റേഡിയത്തില്‍ പാര്‍ക്ക് ചെയ്തതിനു ശേഷം പുറപ്പെടേണ്ട സമയത്ത് വണ്ടിപ്പേട്ടയിലെത്തി യാത്രക്കാരെ കയറ്റികൊണ്ടു പോകണമെന്ന നിര്‍ദേശമാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കിയിരിക്കുന്നത്. നവീകരണ ജോലികള്‍ പൂര്ത്തീകരിച്ചുകഴിഞ്ഞാല് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ബസുകള്‍ പാര്‍ക്കു ചെയ്യുകയും ബസ് സ്റ്റാൻഡ് ബസ് ബേയും ആയി മാറ്റാനുള്ള നിര്‍ദേശവും പരിഗണനയിലുണ്ടെന്ന് എം.എസ്. പ്രകാശ് കുമാര്‍ പറഞ്ഞു.
ടൗണിലെ തിരക്ക് കുറക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിലുള്ള ആലോചന ഉണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബസുടമകള്‍ പോലീസ്, മോട്ടോര്‍ അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയതിനു ശേഷം പൊതു സമൂഹത്തിന്റെ കൂടി അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ നിര്‍ദേശം പ്രാവര്ത്തികമാക്കുകയൂള്ളൂവെന്ന് പ്രസിഡന്റ് ഇന്‍ചാര്‍ജ് പറഞ്ഞു.
സ്റ്റാൻഡ് നവീകരണത്തോടൊപ്പം നിലവിലുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ ശുചിമുറികള്‍ ആധുനിക രീതിയില്‍ നവീകരിച്ച് സ്ത്രീ സൗഹൃദ ശുചിമുറികളാക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. നവീകരിച്ച സ്റ്റാൻഡ് ഈ മാസം അവസാനത്തോടുകൂടി തുറന്നുകൊടുക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.