കോഴഞ്ചേരി: കോഴഞ്ചേരി കരയുടെ പള്ളിയോടവും, മാലിപ്പുരയും സംരക്ഷിച്ചുകൊണ്ടുമാത്രമായിരിക്കും പന്പാനദിക്കു കുറുകെ പുതിയ പാലവും അപ്രോച്ച് റോഡും നിർമിക്കുന്നതെന്ന് വീണാ ജോർജ് എംഎൽഎ. പുതിയ പാലത്തിന്റെ നിർമാണോദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു എംഎൽഎ. യോഗത്തിൽ പങ്കെടുത്തിരുന്ന കോഴഞ്ചേരി പള്ളിയോടത്തിന്റെ ഉടമസ്ഥരായ ഹൈന്ദവ സേവാസമിതി ഭാരവാഹികളായ പ്രസാദ് ആനന്ദഭവൻ, കെ.കെ. അരവിന്ദാക്ഷൻനായർ ഷിബു കോർകാട്ട് എന്നിവരുടെ ആശങ്കയ്ക്ക് മറുപടിയായിട്ടാണ് എംഎൽഎ ഇക്കാര്യം പറഞ്ഞത്.
207.2 മീറ്റർ നീളവും അഞ്ചു മീറ്റർ ഉയരവുമാണ് നിർദ്ദിഷ്ടപാലത്തിന് ഉണ്ടാവുക. 32 മീറ്റർ നീളത്തിൽ അഞ്ച് സ്പാനുകൾ നദിയിലും 23.6 മീറ്റർ നീളത്തിൽ കോഴഞ്ചേരി -തോട്ടപ്പുഴശേരി കരകളിലായി രണ്ട് സൈഡ് സ്പാനുകളും ഉണ്ടാകും. തോട്ടപ്പുഴശേരി കരയിൽ 344 മീററർ നീളത്തിലും കോഴഞ്ചേരി കരയിൽ 90 മീറ്റർ നീളത്തിലുമാണ് അപ്രോച്ച് റോഡുകൾ നിർമിക്കുന്നത്.
റോഡുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് ആരുടെയും വീടുകൾ നഷ്ടപ്പെടുകയില്ലെന്ന് റോഡിനുവേണ്ടി ഭൂമി നൽകാമെന്ന് ഉടമകൾ സമ്മതിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന മാറ്റ് അലോയി എന്ന മെറ്റൽ ഉപയോഗിച്ച് ആകർഷകമായ രീതിയിലായിരിക്കും പാലത്തിന്റെ ആർച്ചുകൾ രൂപകല്പന ചെയ്യുന്നത്. നിലവിലുള്ള പാലത്തിന്റെ അതേ ഉയരത്തിലുള്ള ആർച്ചുകളുണ്ടെങ്കിലും വ്യത്യസ്തമായിരിക്കും പുതിയ പാലമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കിഫ്ബി പദ്ധതിയിലെ പണം ഉപയോഗിച്ച് നിർമിക്കുന്ന പാലം ജില്ലയിലെ പ്രധാന പ്രോജക്ടുകളിൽ ഒന്നാണ്. എറണാകുളത്തെ സെഹൂറ കണ്‍സ്ട്രക്ഷൻ കന്പനിയാണ് നിർമാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. 24 മാസം കൊണ്ടാണ് പണിപൂർത്തീകരിക്കേണ്ടതെങ്കിലും 16 മാസം കൊണ്ടുതന്നെ നിർമാണം പൂർത്തീകരിക്കാൻ കഴിയുന്ന തരത്തിലെ പ്രവർത്തനമാണ് നടത്തുന്നത്.
ഏഴിനു രാവിലെ 10.30 ന് കോഴഞ്ചേരി വണ്ടിപ്പേട്ടയിൽ മന്ത്രി ജി. സുധാകരൻ പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കും. 19.69 കോടി രൂപയാണ് അടങ്കൽ തുക. വീണ ജോർജ് എംഎൽഎ ചെയർപേഴ്സണും, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ ജനറൽ കണ്‍വീനറുമായ സ്വാഗത സംഘമാണ് രൂപീകരിച്ചത്.
ആറ·ുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയിഷ പുരുഷോത്തമൻ, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത വിക്രമൻ, ത്രിതല ജനപ്രതിനിധികളായി ബിജിലി പി. ഈശോ, എം.എസ്. പ്രകാശ് കുമാർ, സോണി കൊച്ചുതുണ്ടിയിൽ, ലത ചെറിയാൻ, മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റോയിസണ്‍, മുൻ ഗ്രാമപഞ്ചായത്ത് പ്രസിന്റുമാരായ ബാബു കോയിക്കലേത്ത് വിക്ടർ ടി. തോമസ്്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, അന്പോറ്റി കോഴഞ്ചേരി, പഴഞ്ഞിയിൽ ചന്ദ്രശേഖര കുറുപ്പ് എന്നിവർ പ്രസംഗിച്ചു.