കോഴഞ്ചേരി: ഇരവിപേരൂർ ഗ്രാമത്തെ അപ്രതീക്ഷിതമായ ദുരന്തം വേട്ടയാടിയപോലെ. ഇന്നലെ രാത്രി കുന്പനാടിനും ഇരവിപേരൂരിനും മധ്യേയുള്ള കല്ലുമാലിക്കൽപ്പടിയിൽ ഉണ്ടായ അപകടത്തിൽ മരിച്ച നാലു പേരും ഉറ്റ സുഹൃത്തുക്കളും ഒരേ നാട്ടുകാരുമാണ്. ദീർഘകാലമായി അടുത്ത ബന്ധം പുലർത്തുന്ന അഞ്ചുപേരാണ് അപകടത്തിൽപെട്ടത്.
ഇന്നലെ രാത്രി 7.30 ഓടെ ഒന്നിച്ചുകൂടിയ ഇവർ കാറിൽ കുന്പനാട്ട് പോയി തിരികെ വീടുകളിലേക്ക് മടങ്ങുന്പോഴായിരുന്നു ദുരന്തം വേട്ടയാടിയത്. ഇരവിപേരൂർ തറവേലിൽ ശശിധരപ്പണിക്കരുടെ മകൻ അനൂപ് എസ്. പണിക്കർ (27), വാക്കേമണ്ണിൽ അച്ചൻകുഞ്ഞിന്റെ മകൻ ബെൻ ഉമ്മൻ തോമസ് (30), മംഗലശേരിൽ ജോയിയുടെ മകൻ ജോബി തോമസ് (37), കോയിപ്പുറത്ത് പറന്പിൽ ജോർജിന്റെ മകൻ അനിൽ ജോർജ് മാത്യു (42) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം.
കാറിൽ ഒപ്പമുണ്ടായിരുന്ന തറവിലേൽ അനീഷ് കുമാറിനെ (38) ഗുരുതര പരിക്കുകളോടെ എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലായിരുന്ന അനീഷിനെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് എറണാകുളത്തേക്കു കൊണ്ടുപോയത്. ഇന്നലെ രാത്രി 8.45 ഓടെയാണ് അപകടം.
ബെന്നിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു കാർ. ബെൻ തന്നെയാണ് കാറോടിച്ചിരുന്നത്. അമിതവേഗത്തിലായിരുന്ന കാർ എതിർദിശയിൽ വന്ന കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പറയുന്നു. ബസിനടിയിലായ കാറിൽ നിന്ന് അതിനകത്തുള്ളവരെ പുറത്തെത്തിക്കാൻ ഏറെ പണിപ്പെട്ടു.
ഓടിക്കൂടിയവർ ഉടൻതന്നെ പോലീസിലും അഗ്്നിരക്ഷാസേനയിലും വിവരം അറിയിച്ചു. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് അവസാനം കാർ പൊളിച്ച് ആളുകളെ പുറത്തെടുത്തത്. അപ്പോഴേക്കും മൂന്നുപേർ മരിച്ചിരുന്നു. ജീവൻ ഉണ്ടായിരുന്ന അനിലിനെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്ന അനിലിനെ തിരിച്ചറിയാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. അപകടത്തിൽപെട്ട കാറിൽ തീ പടരുന്നത് കണ്ടു രക്ഷാപ്രവർത്തനത്തിനായി തീ അണപ്പ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ ഇതു പൊട്ടിത്തെറിച്ച് നാരങ്ങാനം മാവുങ്കൽ വി. അരുണ്കുമാറിനും ഗുരുതരപരിക്കേറ്റു. മുഖത്തു സാരമായി പരിക്കേറ്റ അരുണ്കുമാർ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സമീപത്തുള്ള പെട്രോൾ പന്പിൽ മറ്റൊരു വാഹനത്തിൽ പെട്രോൾ അടിക്കാൻ നിൽക്കുന്പോഴാണ് അപകടം കണ്ട് അരുണ്കുമാർ ഓടിയെത്തിയത്.
മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ കുന്പനാട് ഫെലോഷിപ്പ് ആശുപത്രി മോർച്ചറിയിലാണ്. അനിലിന്റേത് പുഷ്പഗിരി മോർച്ചറിയിലും. നാല് മൃതദേഹങ്ങളും കോട്ടയം മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തുമെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി നൽകിയ നിർദേശത്തെ തുടർന്നാണിത്. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. സംസ്കാരസമയം ഇതോടെ തീരുമാനിക്കും.മരിച്ച ജോബി വിവാഹിതനാണ്. ഭാര്യ: നിമ്മി. ബെന്നിന്റെ വിവാഹം ഒക്ടോബർ 31നു നടത്താൻ നിശ്ചയിച്ചിരുന്നതാണ്.
കളക്ടറും എസ്പിയും ജനപ്രതിനിധികളും രക്ഷാപ്രവർത്തനത്തിനെത്തി
കുന്പനാട്: ദുരന്തവിവരം അറിഞ്ഞ് രക്ഷാപ്രവർത്തനത്തിനു സഹായിക്കുന്നതിനായി ജില്ലാ കളക്ടർ പി.ബി. നൂഹ്, ജില്ലാ പോലീസ് മേധാവി ജി. ജയദേവ് എന്നിവർ രാത്രി 9.30 ഓടെ കുന്പനാട്ടെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവരെല്ലാം സ്ഥലത്തെത്തിയിരുന്നു.
കോയിപ്രം, തിരുവല്ല പോലീസും തിരുവല്ലയിൽ നിന്നെത്തിയ അഗ്്നിരക്ഷാസേനയും രക്ഷാ പ്രവർത്തനം നടത്തി. പടുതോട് പോയി ഫെലോഷിപ്പ് ആശുപത്രിയിലേക്കു മടങ്ങുകയായിരുന്ന ആംബുലൻസിലുണ്ടായിരുന്നവരും പെട്രോൾ പന്പ് ജീവനക്കാരും സമീപവാസികളുമാണ് ആദ്യം രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. ദുരന്തത്തിൽപെട്ടവരെ ആശുപത്രിയിലേക്കു നീക്കാനും അടിയന്തര സഹായമെത്തിക്കാനും രാത്രി വൈകുംവരെ എല്ലാവരും ഒന്നിച്ചുണ്ടായിരുന്നു.