കോഴഞ്ചേരി: വയോധികയായ വീട്ടമ്മ തലയ്ക്കടിയേറ്റു മരിച്ചു, വീട്ടുജോലിക്കാരിയായ ഇതരസംസ്ഥാനക്കാരി പിടിയിൽ. കുന്പനാട് മുട്ടുമൺ വടക്ക് മേലേത്തേതിൽ വി.എസ്. ജോർജിന്റെ ഭാര്യ മറിയാമ്മ (70)യാണ് കൊല്ലപ്പെട്ടത്.
ഇന്നലെ ഉച്ചകഴിഞ്ഞാണ് മറിയാമ്മയെ അബോധാവസ്ഥയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ജോർജും മറിയാമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. പുറത്തുപോയ ജോർജ് തിരികെയെത്തിയപ്പോഴാണ് തലയിൽ നിന്നു രക്തം വാർന്ന് അബോധാവസ്ഥയിൽ മറിയാമ്മയെ കണ്ടത്.
ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്ഥലത്തെത്തിയ കോയിപ്രം പോലീസ് നടത്തിയ പരിശോധനയേ തുടർന്നാണ് വീട്ടിലെ ജോലിക്കാരി ജാർഖണ്ഡ് സ്വദേശി സുശീല (22)യെ കസ്റ്റഡിയിലെടുത്തത്. വീട്ടുജോലിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന്റെ പേരിൽ ഇവർ മറിയാമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.