കൽപ്പറ്റ: ജെആർപി സംസ്ഥാന അധ്യക്ഷ സി.കെ. ജാനുവിനെ എൻഡിഎയിലേക്ക് കൊണ്ടുവരാൻ കോഴ നൽകിയെന്ന കേസിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശിന് ക്രൈംബ്രാഞ്ച് നോട്ടീസ്.
സി.കെ. ജാനുവിനെ എൻഡിഎയിലേക്ക് കൊണ്ടു വരാൻ രണ്ടുതവണയായി 35 ലക്ഷം രൂപ കെ. സുരേന്ദ്രൻ നൽകിയെന്നാണ് ജെആർപി ട്രഷറർ പ്രസീത അഴീക്കോട് വെളിപ്പെടുത്തിയത്.
സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള നിരവധി ഫോണ് സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു. ഇതിൽ ബിജെപി വടക്കൻ മേഖലാ സെക്രട്ടറി കെ.പി. സുരേഷിന്റെയും മറ്റു ബിജെപി നേതാക്കളുടെയും പേരുകൾ പ്രസീത പരാമർശിച്ചിരുന്നു.
പ്രസീത അഴിക്കോടിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മൊഴിയിൽ പരാമർശിക്കുന്നവരെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ ആരംഭിച്ചത്.
ഇന്നലെ ബിജെപി വടക്കൻ മേഖലാ സെക്രട്ടറി കെ.പി. സുരേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ബത്തേരിയിൽവച്ച് സി.കെ. ജാനുവിന് 25 ലക്ഷം രൂപ കൈമാറിയെന്ന് ആരോപണമുയർന്ന ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.