വന്യജീവികളിൽ പകർച്ചവ്യാധിയെ ചെറുക്കാൻ വാക്സിൻ നൽകുക എന്നത് ചില്ലറ മെനക്കേടുള്ള പണിയല്ല. ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് ആ പദ്ധതി.
മിക്കവാറും അത്തരം പരിപാടികൾ പരാജയപ്പെടുക തന്നെ ചെയ്യും. എന്നാൽ സ്വിറ്റ്സര്ലാൻഡ് കുറുക്കന്മാരുടെ ഓറൽ റാബിസ് വാക്സിനേഷൻ (ORV) വളരെ കാര്യക്ഷമമായി നടപ്പാക്കിയ ഒരു സംഭവമുണ്ടായിട്ടുണ്ട് ചരിത്രത്തിൽ.
വന്യജീവികളെ വാക്സിനേറ്റ് ചെയ്യുകയെന്ന വിഷയത്തിൽ ആരും ആലോചനയ്ക്കു പോലും തയ്യാറാകാത്ത കാലത്തായിരുന്നു സ്വിറ്റ്സർലാൻഡ് ഈ നേട്ടം കൈവരിച്ചത്.
വന്യജീവി റിസർവോയറുകളിൽ നിന്ന് രോഗം ഇല്ലാതാക്കുന്നതിനുള്ള ഒരു നൂതന തന്ത്രത്തിന്റെ മികച്ച ഉദാഹരണമായി കുറുക്കന്മാരെ ഒആർവി (ORV) ചെയ്ത പരിപാടി അറിയപ്പെടുന്നു.
കഴിഞ്ഞ മുപ്പതു വർഷത്തോളമായി ഒആർവി പ്രോഗ്രാമുകൾ നടപ്പാക്കിയത് വഴി യൂറോപ്പിലെ പലയിടങ്ങളിലും കുറുക്കൻമാരിൽ നിന്നുള്ള പേവിഷബാധയെ ഇല്ലാതാക്കാൻ കഴിഞ്ഞു.
അന്റാർട്ടിക്ക ഒഴികെയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്ന മൃഗങ്ങളിൽ കാണപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന വൈറസുകളിലൊന്നാണ് റാബീസ്.
മോണോനെഗവൈറൽസ് ഓർഡറിലെ റാബ്ഡോവിരിഡേ കുടുംബത്തിലെ ലിസാവൈറസ് ജനുസ്സിലെ നെഗറ്റീവ് സ്ട്രാൻഡ് ആർഎൻഎ വൈറസ് സ്പീഷീസുകളാണ് ഇവ. മാരകമായ ഈ രോഗം വലിയ പൊതുജനാരോഗ്യ ഭീഷണിയാണ്. ഇന്നും ഈ അണുബാധയെ പൂർണമായി ചെറുക്കാൻ കഴിയുന്ന ഒരു മരുന്ന് കണ്ടുപിടിച്ചിട്ടില്ല.
വളരെക്കാലം മുമ്പു തന്നെ പേവിഷബാധയുടെ ഉറവിടമായി നായ്ക്കളെ കണ്ടെത്തിയിരുന്നു. മാസ് പാരന്റൽ വാക്സിനേഷൻ വികസിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്തതോടെ ഭൂഖണ്ഡത്തിൽ നിന്ന് നായ്ക്കളിൽ നിന്നുള്ള പേവിഷബാധ തുടച്ചുനീക്കപ്പെട്ടു.
എന്നാൽ കാലിനിൻഗ്രാഡ് മേഖലയുടെ തെക്ക് വ്യാപകമായി കാണപ്പെട്ടിരുന്ന ചുവന്ന കുറുക്കന്മാരിൽ അണുബാധ നിലനിന്നിരുന്നു. ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ, മധ്യ-പടിഞ്ഞാറൻ യൂറോപ്പിലുടനീളം കുറുക്കന്മാർക്കിടയിൽ ഈ വൈറസ് വ്യാപിച്ചു.
1939ൽ രണ്ടാം ലോകമഹായുദ്ധം മാത്രമല്ല യൂറോപ്പിനെ ദുഖത്തിലാഴ്ത്തിയത്. വ്യാപകമായി പേവിഷബാധകൾ അക്കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു.
1980-കൾ വരെ യൂറോപ്പിനെ അസ്വസ്ഥമാക്കി ഈ അണുബാധ. ഈ രോഗം ചുവന്ന കുറുക്കന്മാരാണ് വഹിക്കുന്നത്. കുറുക്കന്മാരുമായി സമ്പർക്കത്തിൽ വരുന്ന വളർത്തുമൃഗങ്ങളിലേക്ക് റാബീസ് പടർന്നു.
1967-ൽ ഈ രോഗം സ്വിറ്റ്സർലൻഡിൽ എത്തിയപ്പോൾ, പല പരിഹാരങ്ങൾ പരീക്ഷിച്ചു, എന്നാൽ അവയിൽ മിക്കതും പരാജയപ്പെടുകയായിരുന്നു. കുറുക്കന്മാരെ വെടിവെക്കാനും കെണിയിൽ പെടുത്താനും വിഷം കൊടുക്കാനും അധികാരികൾ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
മാത്രമല്ല അത് പ്രയോഗികവുമായിരുന്നില്ല. നാട്ടിലേക്ക് എത്തുന്ന വന്യജീവികളെ കാട്ടിലേക്ക് തിരികെ വിടുന്നതിന് മുമ്പ് വാക്സിനേഷൻ നൽകാനും ശ്രമിച്ചു. എന്നാൽ അതിന്റെ ചെലവും അളവും നോക്കിയപ്പോൾ സംഗതി മുതലാകില്ലെന്ന് സർക്കാരിന് മനസ്സിലായി.
കോഴിത്തലയിൽ പൊതിഞ്ഞ വാക്സിൻ
വാക്സിൻ അടങ്ങിയ ഭക്ഷ്യയോഗ്യമായ വസ്തുക്കളിൽ നടത്തിയ പല പരീക്ഷണങ്ങളും പരാജയപ്പെട്ടു. മുട്ട, നായ ബിസ്ക്കറ്റ്, പാലിൽ വറുത്ത ചോളം, സോസേജുകൾ ഇവയെല്ലാം പരീക്ഷിച്ചു നോക്കി.
നിരാശയായിരുന്നു ഫലം. കുറുക്കന്മാർ ഏറെ ഇഷ്ടപെടുന്ന ഒരു ഭക്ഷണമാണ് മുട്ട. അവ അത് കണ്ടെത്തിയാൽ സൂക്ഷിച്ചു വച്ചു പല സമയങ്ങളിലാണ് കഴിക്കുക.
കുറുക്കൻമാരുടെ ഈ നശിച്ച സ്വഭാവമാണ് പ്രശ്നമായത്. സൂക്ഷിച്ചു വെക്കുന്നതോടെ അതിൽ തിരുകിയ വാക്സിൻ നിർജീവമാകുന്നത് ഒരു വെല്ലുവിളിയായി.
ഇതിനിടയിലാണ് കോഴിത്തലയിൽ വാക്സിൻ തിരുകി നൽകിയാലോ എന്ന ആശയം മുളപൊട്ടുന്നത്. അത് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു.
ലൈവ് വാക്സിൻ തിരുകിയ കോഴിത്തലകളുമായി ഹെലികോപ്റ്ററുകൾ പറന്നുനീങ്ങി. സ്വിസ് വനങ്ങളിൽ കോഴിത്തലകൾ പെയ്തിറക്കി. പക്ഷെ വിദൂര പ്രദേശങ്ങളിൽ മാത്രമാണ് ഹെലികോപ്റ്റർ എയർ ഡ്രോപ്പുകൾ ഉപയോഗിച്ചുള്ള ഈ മാർഗം സ്വീകരിച്ചത്.
മനുഷ്യർക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന പ്രദേശങ്ങളിൽ ആയിരക്കണക്കിന് കോഴിത്തലകളുടെ ഫയർവാളുകൾ തന്നെ സൃഷ്ടിച്ചു. മെഡിക്കൽ ടീമുകൾ സൃഷ്ടിച്ചു കാൽനടയായി പോയാണ് ഈ ജോലി ചെയ്തത്.
പലപല പരീക്ഷണങ്ങൾ
അമേരിക്കൻ ശാസ്ത്രജ്ഞരാണ് ആദ്യം സമാനമായ ഒരു ആശയം ആദ്യമായി മുമ്പോട്ടു വെക്കുന്നത്. 1960-കളിലായിരുന്നു ഈ അന്വേഷണം.
‘കയോട്ടി ഗെറ്റർ’ എന്ന ഒരുപകരണം തയ്യാറാക്കി. കാട്ടുനായ്ക്കളെ കൊല്ലാൻ അവയുടെ വായിലേക്ക് സയനൈഡ് വാതകം കയറ്റുന്ന ഒരു കെണിയാണ് കയോട്ടി ഗെറ്റർ. കുഴിച്ചിട്ട തോക്ക് പോലെയാണിത്.
അടുത്തുവന്ന് ഈ തോക്കിൽ മണക്കുമ്പോൾ അത് പ്രവർത്തിക്കും, അകത്തു നിന്ന് സയനൈഡ് വാതകം പുറത്തേക്ക് തള്ളും. സയനൈഡിന് പകരം ഇത്തരം ഉപകരണങ്ങളിൽ വാക്സിനുകൾ ചേർത്ത് നൽകാൻ ബെയർ ശ്രമിച്ചു. അതുപക്ഷെ പരാജയമായിരുന്നു.
പിന്നീട് വില്യം വിങ്ക്ലർ കൂടുതൽ ഫലപ്രദമായ ഒരു മാർഗവുമായി മുന്നോട്ട് വന്നു. വാക്-ട്രാപ്പ് എന്നായിരുന്നു ഇതിന്റെ പേര്.
വാക്സിൻ നിറച്ച സിറിഞ്ച് പിടിച്ചിരിക്കുന്ന സ്പ്രിംഗ്-ലോഡഡ് ആർമേച്ചറുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു പാഡ് നിർമ്മിക്കുക.
പാഡിൽ ചവിട്ടിയാൽ വാക്സിൻ നിറച്ച സിറിഞ്ച് കാലിൽ കയറും. ഇത് പ്രവർത്തിച്ചു. പക്ഷെ അത് വളരെ അപകടകരമാണെന്ന് തെളിഞ്ഞു. കാട്ടിൽ കയറുന്ന മനുഷ്യർക്കും പണികിട്ടിത്തുടങ്ങി. അങ്ങനെ ആ ആശയവും മാറ്റി വച്ചു.
ലൈവ് വാക്സിൻ ഉപയോഗിച്ചുള്ള പരീക്ഷണ ഘട്ടങ്ങളിൽ എല്ലാം ഈ മേഖലയിലെ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും മനസ്സും ചിന്തകളും അസ്വസ്ഥമായിരുന്നു. ആ വാക്സിനുകൾ മറ്റൊരു വൈറൽ രൂപമായി പരിണമിക്കുമെന്നും അവർ ആശങ്കപ്പെട്ടു.
ഈ ഭയം അവസാനിപ്പിക്കാൻ ബേൺ സർവകലാശാലയിലെ വെറ്ററിനറി ഡോക്ടറായ ഫ്രാൻസ് സ്റ്റെക്ക്, വാക്സിൻ-ഇൻഫ്യൂഷൻ ചെയ്ത കോഴിത്തലകൾ ഒരു ചെറിയ, പേവിഷബാധയില്ലാത്ത ദ്വീപിൽ ഉപേക്ഷിച്ചു. പ്രദേശത്തെ എലികൾ അവ ഭക്ഷണമാക്കി. എലികളിൽ ഒന്നിനും രോഗം ബാധിച്ചില്ല. എന്നു മാത്രമല്ല മറ്റു പ്രശ്നങ്ങളും ഉണ്ടായില്ല.
1978 ഒക്ടോബർ 17-ന് ജനീവ തടാകത്തിന്റെ കിഴക്കൻ തീരത്ത് പേവിഷബാധ പടർന്നുപിടിച്ചിരുന്നു. അവിടെ ഫ്രാൻസ് സ്റ്റെക്കും സംഘവും 4,050 കോഴിത്തലകൾ വിതറി. വിതറിയ തലകളിൽ ഒരു കെമിക്കൽ അടയാളം നൽകിയിരുന്നു.
പിന്നീട് വേട്ടയാടിപ്പിടിച്ച കുറുക്കന്മാരുടെ പല്ലിലും എല്ലിലുമായി ആ കെമിക്കൽ കണ്ടെത്തി. അതോടെ കൂടുതൽ പണവും പരിശ്രമവും ഉപയോഗിച്ച് കൂടുതൽ പ്രദേശങ്ങളിൽ കൂടുതൽ കോഴിത്തലകൾ വിതറി. ഇത് വിജയകരമായിരുന്നു.
നാല് വർഷത്തിനിടയിൽ സംഘം 52,000 കോഴിത്തലകൾ പല ഭാഗങ്ങളിലായി വിതറി. കോഴിത്തലകൾ വിതറിയ സ്ഥലങ്ങളിൽ പേവിഷബാധ പൂർണമായും തുടച്ചുനീക്കപ്പെട്ടു. നിർഭാഗ്യവശാൽ 1982-ൽ കോഴിത്തലകൾ വിതറുന്നതിനിടയിൽ ഹെലികോപ്റ്റർ തകർന്ന് സ്റ്റേക്ക് മരിച്ചു.